|

ഇവര്‍ ഐ.പി.എല്ലിലെ ഇന്ത്യയും പാകിസ്ഥാനും; വമ്പന്‍ പ്രസ്താവനയുമായി ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പതിനെട്ടാം സീസണില്‍ ഇന്ന് അരങ്ങുണരും. കിരീടം നിലനിര്‍ത്താനെത്തുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആദ്യ കപ്പ് ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരമാണ് പുതിയ സീസണിന് തുടക്കം കുറിക്കുക. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാഡന്‍സാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി.

ആരാധകര്‍ തങ്ങളുടെ ഇഷ്ട താരങ്ങളുടെയും ഫ്രാഞ്ചൈസികളുടെയും കളി കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കുട്ടി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും. ഏറ്റവും കൂടുതല്‍ ആരാധകരുളുള്ള ഇരു ടീമുകളും അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ ടീമുകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഇന്ത്യയും പാകിസ്ഥാനും പോലെയാണ് എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. ഇരു ടീമുകളെയും ആരാധകര്‍ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും ഇരുവരില്‍ ഏതെങ്കിലും ഒരു ടീമിനെ തോല്‍പ്പിച്ചാല്‍ അവരുടെ ടീം വാര്‍ത്തകളില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഇന്ത്യയും പാകിസ്ഥാനും പോലെയാണ്. അവരുടെ ആരാധകര്‍ അവരെ പൂര്‍ണമായി പിന്തുണക്കുന്നു. നിരവധി വലിയ കളിക്കാര്‍ രണ്ട് ടീമുകള്‍ക്കുമായി കളിച്ചിട്ടുണ്ട്.

സി.എസ്.കെ ഐ.പി.എല്ലിലെ മികച്ച ടീമുകളില്‍ ഒന്നാണ്. നിങ്ങള്‍ അവരെ തോല്‍പ്പിച്ചാല്‍, നിങ്ങളുടെ ടീം വാര്‍ത്തകളില്‍ ഇടം നേടും. മുംബൈ ഇന്ത്യന്‍സും അത് പോലെ തന്നെയാണ്. ഉയര്‍ന്ന സമ്മര്‍ദം, ഉയര്‍ന്ന വോള്‍ട്ടേജ് ഗെയിം, ഫുള്‍ ഫണ്‍ എന്നിവ ഈ മത്സരങ്ങളുടെ പ്രത്യേകതയാണ്,’ ഹര്‍ഭജന്‍ പറഞ്ഞു.

ഹര്‍ഭജന്‍ സിങ് ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പത്ത് വര്‍ഷവും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മൂന്ന് വര്‍ഷവും വേണ്ടി കളിച്ചിട്ടുണ്ട്. ഇരു ടീമുകളിലുമായി നാല് ഐ.പി.എല്‍ കിരീടം നേടിയിട്ടുണ്ട്.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും മാര്‍ച്ച് 23ന് ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ മൂന്നാം മത്സരത്തില്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഇവരും നേരിടുക. അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെന്നൈക്കൊപ്പമായിരുന്നു.

Content Highlight: IPL 2025: Harbhajan Singh Says Chennai Super Kings And Mumbai Indians Are India And Pakistan In IPL

Video Stories