|

2025ലെ ഐ.പി.എല്‍ കിരീടം അവര്‍ നേടും; വമ്പന്‍ പ്രസ്താവനയുമായി ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് സ്വന്തമാക്കിയത് വമ്പന്‍ വിജയമാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പോലും തിരുത്തിക്കുറിച്ച 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തം തട്ടകമായ മുല്ലാന്‍പൂരില്‍ സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട് പഞ്ചാബ് വിജയം നേടുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും ശ്രേയസ് അയ്യരിന്റെ പഞ്ചാബിന് സാധിച്ചു.

സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ മാജിക്കല്‍ സ്‌പെല്ലാണ് ലോ സ്‌കോറിങ് മത്സരത്തില്‍ പഞ്ചാബിന് വിജയം സമ്മാനിച്ചത്. 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. മത്സരത്തിലെ താരമാകാനും ചഹലിന് സാധിച്ചിരുന്നു. ഏഴ് എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്.

മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ പഞ്ചാബ് ടീമിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താര ഹര്‍ഭജന്‍ സിങ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ വിജയം പഞ്ചാബിന് വലിയ ആത്മവിശ്വാസം നല്‍കിയെന്ന് ഹര്‍ഭജന്‍ പറഞ്ഞു. മാത്രമല്ല ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ പഞ്ചാബിന് സാധിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനാല്‍ പഞ്ചാബ് കിങ്‌സിന് 2025 ഐ.പി.എല്‍ കിരീടം നേടാന്‍ കഴിയും. ഇത്തരത്തിലുള്ള മത്സരം നിങ്ങള്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. ഈ വര്‍ഷം മുഴുവന്‍ പഞ്ചാബ്
തങ്ങളുടേതാണെന്ന് വിശ്വസിക്കും. പഞ്ചാബ് കിങ്സ്, നന്നായി കളിച്ചു,’ അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ ചഹലിന് പുറമെ മാര്‍ക്കോ യാന്‍സന്‍ മിന്നും പ്രകടനമാണ് നടത്തിയത്. 3.1 ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 5.37 എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്. അര്‍ഷ്ദീപ് സിങ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സേവിയര്‍ ബര്‍ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

അതേസമയം കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണയാണ്. സുനില്‍ നരെയ്ന്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അന്റിച്ച് നോര്‍ക്യ വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ രഹാനെ 17 പന്തില്‍ 17 റണ്‍സായിരുന്നു രഹാനെ നേടിയത്. അംഗൃഷ് രഘുവംശി 28 പന്തില്‍ 37 റണ്‍സ് നേടി കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പ്രഭ്‌സിമ്രാന്‍ സിങ്ങാണ്.

Content Highlight: IPL 2025: Harbhajan Singh Parises Panjab Kings