|

അവന്‍ ഒന്നും ചെയ്തില്ല, നോ ഷോ; പഞ്ചാബ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആകാശ് ചോപ്രയും ഹര്‍ഭജനും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് സ്വന്തമാക്കിയത് വമ്പന്‍ വിജയമാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പോലും തിരുത്തിക്കുറിച്ച 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തം തട്ടകമായ മുല്ലാന്‍പൂരില്‍ സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട് പഞ്ചാബ് വിജയം നേടുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും ശ്രേയസ് അയ്യരിന്റെ പഞ്ചാബിന് സാധിച്ചു.

15 പന്തില്‍ 30 റണ്‍സെടുത്ത പ്രഭ് സിമ്രാന്‍ സിങ്ങും 12 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയും മാത്രമാണ് പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ ടീമിന് നഷ്ടപ്പെട്ടിരുന്നു. ശ്രേയസ് അയ്യര്‍ അടക്കമുള്ള മുന്നേറ്റ നിരയ്ക്ക് താളം കണ്ടെത്താന്‍ സാധിച്ചില്ല.

മാത്രമല്ല ബാറ്റിങ്ങില്‍ മോശം പ്രകടനം തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും പഞ്ചാബിനെ വീണ്ടും നിരാശപ്പെടുത്തി. പത്ത് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് താരം നേടിയത്.
സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 10.25 ശരാശരിയിലും 105.12 സ്‌ട്രൈക്ക് റേറ്റിലും 41 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. 0, 30, 1, 3, 7 എന്നിങ്ങനെയാണ് സീസണില്‍ താരത്തിന്റെ സ്‌കോറുകള്‍.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തതിന് ആകാശ് ചോപ്രയും ഹര്‍ഭജന്‍ സിങ്ങും താരത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. വമ്പന്‍ ഹിറ്റ് ഷോട്ടുകള്‍ക്ക് പേരുകേട്ട മാക്‌സിയെ ബിഗ് ഷോ എന്ന് വിളിക്കുമെങ്കിലും ഇപ്പോള്‍ താരം നോ ഷോ ആണെന്നാണ് ചോപ്ര പറയുന്നത്. മാത്രമല്ല താരം സീസണില്‍ പഞ്ചാബിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും എപ്പോഴാണ് ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കുന്നതെന്ന് അറിയില്ലെന്ന് ഹര്‍ഭജനും പറഞ്ഞു.

‘ഐ.പി.എല്‍ 2025ല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കടമെടുത്ത സമയത്തിലാണ് ജീവിക്കുന്നത്. അദ്ദേഹം ഒരു ബിഗ് ഷോയല്ല, മറിച്ച് ഒരു നോ ഷോയാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

‘അവന്‍ ഒന്നും ചെയ്തിട്ടില്ല. പഞ്ചാബ് കിങ്‌സ് അവനെ പ്ലെയിങ് ഇലവനില്‍ നിന്ന് എപ്പോള്‍ ഒഴിവാക്കുമെന്ന് എനിക്കറിയില്ല. അദ്ദേഹം ശ്രദ്ധയില്ലാതെയാണ് ബാറ്റ് ചെയ്യുന്നത്. അവന്റെ ക്യാച്ചുകള്‍ നഷ്ടപ്പെട്ടതിനാലാണ് 2023 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ മാക്‌സി ഇരട്ട സെഞ്ച്വറി നേടിയത്,’ മത്സര ശേഷം ഹര്‍ഭജന്‍ പറഞ്ഞു.

അതേസമയം, ബൗളിങ്ങില്‍ പഞ്ചാബ് കിങ്‌സിനായി ഭേദപ്പെട്ട പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ച വെക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐ.പി.എല്‍ 2025ല്‍ 27.50 ആവറേജും 8.46 എക്കോണമിയുമാണ് താരത്തിന്റെ പേരിലുള്ളത്.

Content Highlight: IPL 2025: Harbhajan singh And Akash Chopra Criticize Glenn Maxwell

Video Stories