ഐ.പി.എല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 153 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന്റെ സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് മികച്ച സ്‌കോറിലെത്താതെ ടൈറ്റന്‍സ് ഹോം ടീമിനെ തളച്ചിട്ടത്.
ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ഹോം ടീമിന് തിരിച്ചടിയേറ്റിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡ് പുറത്തായി. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ഹെഡിന് പുറമെ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും നിരാശപ്പെടുത്തി.
34 പന്തില്‍ 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഹെന്റിക് ക്ലാസന്‍ 19 പന്തില്‍ 27 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒമ്പത് പന്തില്‍ പുറത്താകാതെ 22 റണ്‍സും നേടി.
ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ രവിശ്രീനിവാസന്‍ സായ് കിഷോറും പ്രസിദ്ധ് കൃഷ്ണയും തങ്ങളുടെ റോള്‍ ഗംഭീരമാക്കി.
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് തുടക്കം പാളിയിരുന്നു. സായ് സുദര്‍ശനെയും ജോസ് ബട്ലറിനെയും നഷ്ടപ്പെട്ടതോടെ ടൈറ്റന്‍സ് സമ്മര്‍ദത്തിലായിരുന്നു.
സായ് സുദര്‍ശന്‍ ഒമ്പത് പന്തില്‍ അഞ്ച് റണ്‍സിനും ജോസ് ബട്‌ലര്‍ ബ്രോണ്‍സ് ഡക്കായും മടങ്ങി.
സായ് സുദര്‍ശന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മോശം സ്‌കോറാണ് സണ്‍റൈസേഴ്‌സിനെതിരെ പിറന്നത്. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് താരം ഒറ്റയക്കത്തിന് മടങ്ങിയത്. ഐ.പി.എല്ലില്‍ ഇത് രണ്ടാം തവയാണ് സായ് സുദര്‍ശന്‍ ഒറ്റയക്കത്തിന് പുറത്താകുന്നത്.
ഐ.പി.എല്ലില്‍ സായ് സുദര്‍ശന്റെ മോശം പ്രകടനങ്ങള്‍
(സ്‌കോര്‍ – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)
5 (9) – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2025 – ഹൈദരാബാദ്
6 (14) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2024 – ബെംഗളൂരു
11 (9) – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2022 – മുംബൈ
12 (9) – ദല്‍ഹി ക്യാപ്പിറ്റല്‍സ് – അഹമ്മദാബാദ്
അതേസമയം, സണ്‍റൈസേഴ്‌സിനെതിരെ ടൈറ്റന്‍സ് നൂറ് റണ്‍സ് കടന്നു. 13 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 106 എന്ന നിലയിലാണ് ഗുജറാത്ത് ടൈറ്റന്‍സ്. 28 പന്തില്‍ 49 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും 38 പന്തില്‍ 51 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്‌ദേവ് ഉനദ്കട്, മുഹമ്മദ് ഷമി.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തേവാട്ടിയ, വാഷിങ്ടണ്‍ സുന്ദര്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ.
Content Highlight: IPL 2025: GT vs SRH: Sai Sudarshan’s worst performance in IPL