ഐ.പി.എല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 153 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന്റെ സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് മികച്ച സ്‌കോറിലെത്താതെ ടൈറ്റന്‍സ് ഹോം ടീമിനെ തളച്ചിട്ടത്.
ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
സൂപ്പര്‍ താരം മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് സണ്‍റൈസേഴ്‌സിനെ പിടിച്ചുകുലുക്കിയത്. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അനികേത് വര്‍മ, സിമര്‍ജീത് സിങ് എന്നിവരെയാണ് താരം മടക്കിയത്.
സിറാജ് എറിഞ്ഞ ഏഴ് പന്തുകളില്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ സാധിച്ചത്. അതായത് ആകെയെറിഞ്ഞ 24 പന്തില്‍ 17 ഡോട്ട് ബോളുകളായിരുന്നു.
1, 4, 0 , 4 , 0, 0 , W, 0 ,0, 0, 0 , 4, 1, 0, 0, W, 0, 0, 1, 2, 0, 0, W, W എന്നിങ്ങനെയാണ് സിറാജിന്റെ പ്രകടനം.
ഈ മത്സരത്തിലെ 17 ഡോട്ട് ബോളുകളുമായതോടെ ഈ സിസണില്‍ സിറാജ് ആകെയെറിഞ്ഞ ഡോട്ട് ബോളുകള്‍ 50 കടന്നിരിക്കുകയാണ്. ഇതുവരെ ഡോട്ട് ബോളുകളെറിഞ്ഞ് അര്‍ധ സെഞ്ച്വറി നേടിയ ഏക താരവും സിറാജ് തന്നെ.
ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ താരം (ഇതുവരെ)
(താരം – ഡോട്ട് ബോള്‍ എന്നീ ക്രമത്തില്‍)
മുഹമ്മദ് സിറാജ് – 52
ഖലീല്‍ അഹമ്മദ് – 49
ജോഷ് ഹെയ്‌സല്‍വുഡ് – 41
വരുണ്‍ ചക്രവര്‍ത്തി – 40
ദിഗ്വേഷ് സിങ് – 36
ജോഫ്രാ ആര്‍ച്ചര്‍ – 35
ഈ ഐ.പി.എല്ലില്‍ എറിയുന്ന ഓരോ ഡോട്ട് ബോളുകള്‍ക്കും ബി.സി.സി.ഐ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സേഴ്‌സായ ടാറ്റ ഗ്രൂപ്പിനൊപ്പം കൈകോര്‍ത്തുകൊണ്ടാണ് ബി.സി.സി.ഐ പ്രകൃതിയെ രക്ഷിക്കാനുള്ള ഈ ഉദ്യമമേറ്റെടുത്തിരിക്കുന്നത്.
മുഹമ്മദ് സിറാജിലൂടെ ഇതിനോടകം ഒരു ചെറിയ കാട് തന്നെ ബി.സി.സി.ഐ നട്ടുപിടിപ്പിക്കും.
അതേസമയം, സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് തുടക്കം പാളിയിരുന്നു. സായ് സുദര്‍ശനെയും ജോസ് ബട്‌ലറിനെയും നഷ്ടപ്പെട്ടതോടെ ടൈറ്റന്‍സ് സമ്മര്‍ദത്തിലായിരുന്നു.
സായ് സുദര്‍ശന്‍ ഒമ്പത് പന്തില്‍ അഞ്ച് റണ്‍സിനും ജോസ് ബട്‌ലര്‍ ബ്രോണ്‍സ് ഡക്കായും മടങ്ങി.
നിലവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ടൈറ്റന്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 48 എന്ന നിലയിലാണ്. ഒമ്പത് പന്തില്‍ 23 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും 15 പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.
നാല് മത്സരത്തില്‍ നിന്നും ഒറ്റ ജയവുമായി സണ്‍റൈസേഴ്സ് അവസാന സ്ഥാനത്താണ്. മൂന്ന് മത്സരം കളിച്ച് രണ്ട് ജയവും ഒരു തോല്‍വിയുമായി മൂന്നാമതാണ് ടൈറ്റന്‍സ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്‌ദേവ് ഉനദ്കട്, മുഹമ്മദ് ഷമി.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തേവാട്ടിയ, വാഷിങ്ടണ്‍ സുന്ദര്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ.
Content Highlight: IPL 2025: GT vs SRH: Mohammed Siraj bowled 17 dot balls against Sunrisers