ഐ.പി.എല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 153 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് മികച്ച സ്‌കോറിലെത്താതെ ടൈറ്റന്‍സ് ഹോം ടീമിനെ തളച്ചിട്ടത്.
ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മത്സരത്തില്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍ വീണ്ടും നിരാശപ്പെടുത്തിയിരുന്നു. 14 പന്ത് നേരിട്ട് വെറും 17 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന് സ്വന്തമാക്കാന്‍ സാധിച്ചത്. 121.41 സ്‌ട്രൈക്ക് റേറ്റില്‍ വെറും രണ്ട് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്‌സ്.
പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ഇഷാന്ത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെട്ടാണ് ഇഷാന്‍ കിഷന്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം ഒരിക്കല്‍പ്പോലും ഇഷാന് തിളങ്ങാന്‍ സാധിച്ചിട്ടില്ല.
ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ റണ്‍സടിക്കുകയും ബൗളര്‍മാര്‍ക്ക് ചെറിയ തോതിലെങ്കിലും ആനുകൂല്യം ലഭിക്കുന്ന പിച്ചുകളില്‍ അമ്പേ പരാജയപ്പെടുകയും ചെയ്യുന്നത് ഇഷാന്‍ കിഷന്റെ പതിവുരീതിയാണ്. ഫ്‌ളാറ്റ് ട്രാക്ക് ബുള്ളിയെന്ന് ആരാധകര്‍ വിളിക്കുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്.
ഐ.പി.എല്‍ 2025ല്‍ ഇഷാന്‍ കിഷന്റെ പ്രകടനങ്ങള്‍
vs രാജസ്ഥാന്‍ റോയല്‍സ് – 106* (47)
vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- 0 (1)
vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2 (5)
vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2 (5)
vs ഗുജറാത്ത് ടൈറ്റന്‍സ് – 17 (14)
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152ന് സണ്‍റൈസേഴ്‌സ് പോരാട്ടം അവസാനിപ്പിച്ചു.
ഇഷാന്‍ കിഷന് പുറമെ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 34 പന്തില്‍ 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഹെന്‌റിക് ക്ലാസന്‍ 19 പന്തില്‍ 27 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒമ്പത് പന്തില്‍ പുറത്താകാതെ 22 റണ്‍സും നേിട.
ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. ആകെയെറിഞ്ഞ 24 പന്തുകളില്‍ 17ലും താരം റണ്‍സ് റണ്‍സ് വഴങ്ങിയിരുന്നില്ല.
രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ രവിശ്രീനിവാസന്‍ സായ് കിഷോറും പ്രസിദ്ധ് കൃഷ്ണയും തങ്ങളുടെ റോള്‍ ഗംഭീരമാക്കി.
നാല് മത്സരത്തില്‍ നിന്നും ഒറ്റ ജയവുമായി സണ്‍റൈസേഴ്സ് അവസാന സ്ഥാനത്താണ്. മൂന്ന് മത്സരം കളിച്ച് രണ്ട് ജയവും ഒരു തോല്‍വിയുമായി മൂന്നാമതാണ് ടൈറ്റന്‍സ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്‌ദേവ് ഉനദ്കട്, മുഹമ്മദ് ഷമി.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തേവാട്ടിയ, വാഷിങ്ടണ്‍ സുന്ദര്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ.
Content Highlight: IPL 2025: GT vs SRH: Ishan Kishan’s poor form continues