| Sunday, 6th April 2025, 11:10 pm

സിറാജ് ഷോയില്‍ അവസാനിച്ച് ഓറഞ്ച് വസന്തം; സ്വന്തം മണ്ണില്‍ സണ്‍റൈസേഴ്‌സിന് അസ്തമയം

സ്പോര്‍ട്സ് ഡെസ്‌ക്

സീസണിലെ മൂന്നാം വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്ത് ബാക്കി നില്‍ക്കവെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.

ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ഹോം ടീമിന് തിരിച്ചടിയേറ്റിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡ് പുറത്തായി. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ഹെഡിന് പുറമെ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും നിരാശപ്പെടുത്തി.

34 പന്തില്‍ 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഹെന്റിക് ക്ലാസന്‍ 19 പന്തില്‍ 27 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒമ്പത് പന്തില്‍ പുറത്താകാതെ 22 റണ്‍സും നേടി.

ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ രവിശ്രീനിവാസന്‍ സായ് കിഷോറും പ്രസിദ്ധ് കൃഷ്ണയും തങ്ങളുടെ റോള്‍ ഗംഭീരമാക്കി.

മത്സരത്തില്‍ സിറാജ് തന്റെ ഐ.പി.എല്‍ കരിയറിലെ 100 വിക്കറ്റ് നേട്ടവും പൂര്‍ത്തിയാക്കിയിരുന്നു. ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് വീഴ്ത്തുന്ന 25ാം താരവും 19ാം ഇന്ത്യന്‍ താരവുമാണ് സിറാജ്.

ഐ.പി.എല്‍ കരിയറിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് സണ്‍റൈസേഴ്‌സിനെതിരെ പിറന്നത്.

സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനും തുടക്കം പാളിയിരുന്നു. സായ് സുദര്‍ശനെയും ജോസ് ബട്ലറിനെയും നഷ്ടപ്പെട്ടതോടെ ടൈറ്റന്‍സ് സമ്മര്‍ദത്തിലായിരുന്നു.

സായ് സുദര്‍ശന്‍ ഒമ്പത് പന്തില്‍ അഞ്ച് റണ്‍സിനും ജോസ് ബട്‌ലര്‍ ബ്രോണ്‍സ് ഡക്കായും മടങ്ങി.

നാലാം നമ്പറിലെത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.

മൂന്നാം വിക്കറ്റില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് 106ല്‍ നില്‍ക്കവെയാണ് തകര്‍ന്നത്. സുന്ദറിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് സണ്‍റൈസേഴ്‌സിന് ആശ്വാസം നല്‍കിയത്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് വെറും ഒരു റണ്‍സകലെ നില്‍ക്കവെ അനികേത് വര്‍മയുടെ മികച്ച ക്യാച്ചിലൂടെയാണ് താരം മടങ്ങിയത്.

ഇംപാക്ട് പ്ലെയറായ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡാണ് ശേഷം കളത്തിലിറങ്ങിയത്. ക്രീസിലെത്തിയതുമുതല്‍ തന്നെ താരം വെടിക്കെട്ട് പുറത്തെടുത്തു. അധികം വൈകാതെ ടൈറ്റന്‍സ് വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

ശുഭ്മന്‍ ഗില്‍ 43 പന്തില്‍ പുറത്താകാതെ 61 റണ്‍സ് നേടിയപ്പോള് 16 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറുമടക്കം പുറത്താകാതെ 35 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് നേടിയത്.

ഹൈദരാബാദിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും കമ്മിന്‍സ് ഒരു വിക്കറ്റും നേടി.

Content Highlight: IPL 2025: GT vs SRH: Gujarat Titans defeated Sunrisers Hyderabad

We use cookies to give you the best possible experience. Learn more