ഐ.പി.എല്‍ 2025ല്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്തിലെത്തി ഏഴ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്.
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്ത് ബാക്കി നില്‍ക്കവെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിയും വാഷിങ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും ഇംപാക്ട് പ്ലെയറായി എത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ ഇന്നിങ്സുമാണ് ടൈറ്റന്‍സിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഹൈദരാബാദിന് പരിക്കേല്‍പ്പിക്കാന്‍ ഗുജറാത്തിനായി. ആദ്യ ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡിനെ പുറത്താക്കി തുടങ്ങിയ മുഹമ്മദ് സിറാജ് ഓറഞ്ച് ആര്‍മിയുടെ ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു.
മത്സരത്തില്‍ മുഹമ്മദ് സിറാജ് ടൈറ്റന്‍സിനായി നാല് വിക്കറ്റുകള്‍ നേടി. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അനികേത് വര്‍മ, സിമര്‍ജീത് സിങ് എന്നിവരുടെ വിക്കറ്റുകളാണ് താരം അക്കൗണ്ടിലാക്കിയത്.
ഐ.പി.എല്‍ കരിയറിലെ തന്റെ ഏറ്റവും മികച്ച പ്രകടനം കുറിച്ച സിറാജിന് ടൂര്‍ണമെന്റില്‍ 100 വിക്കറ്റ് നേട്ടവും പൂര്‍ത്തിയാക്കാനായി. ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് വീഴ്ത്തുന്ന 25ാം താരവും 19ാം ഇന്ത്യന്‍ താരവുമാകാനാണ് സിറാജിന് സാധിച്ചത്.
മത്സരത്തിലെ നാല് വിക്കറ്റ് പ്രകടനത്തോടെ 2025 ഐ.പി.എല്ലിലെ ഒരു റെക്കോഡും സിറാജ് സ്വന്തമാക്കി. ഈ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമാകാനാണ് ഗുജറാത്ത് പേസര്‍ക്ക് സാധിച്ചത്.
(താരം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
മുഹമ്മദ് സിറാജ് – 6
ഷര്‍ദുല്‍ താക്കൂര്‍ – 5
ഖലീല്‍ അഹമ്മദ് – 4
മിച്ചല്‍ സ്റ്റാര്‍ക് – 4
ജോഷ് ഹേസല്‍വുഡ് – 3
സീസണില്‍ മികച്ച പ്രകടനങ്ങളാണ് സിറാജ് കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് റേസില്‍ താരം രണ്ടാമതുണ്ട്. 13.77 ശരാശരിയും 7.75 എക്കോണമിയും സിറാജിന്റെ പേരിലുള്ളത്.
Content Highlight: IPL 2025: GT vs SRH: Gujarat Titans Bowler Mohammed Siraj Tops The List Of Bowlers Who Taken Most Wickets In Powerplay This Season