ഐ.പി.എല്‍ 2025ലെ 23ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 218 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം സായ് സുദര്‍ശന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
53 പന്തില്‍ 82 റണ്‍സ് നേടിയാണ് സായ് സുദര്‍ശന്‍ മടങ്ങിയത്. എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 154.72 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
മത്സരത്തില്‍ സായ് സുദര്‍ശനെ ഒരു തകര്‍പ്പന്‍ നേട്ടവും തേടിയെത്തിയിരുന്നു. ഒരു വേദിയില്‍ തുടര്‍ച്ചയായ അഞ്ച് മത്സരത്തില്‍ 50+ റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് സായ് സുദര്‍ശന്‍ സ്വന്തമാക്കിയത്.
ഇതുവരെ റോയല്‍ ചലഞ്ചേഴ്‌സ് ഇതിഹാസ താരം എ.ബി ഡി വില്ലിയേഴ്‌സിന്റെ പേരില്‍ മാത്രം കുറിക്കപ്പെട്ട റെക്കോഡിലേക്കാണ് സായ് സുദര്‍ശന്‍ കാലെടുത്ത് വെച്ചത്. 2018, 2019 സീസണുകളിലായി ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലാണ് ഡി വില്ലിയേഴ്‌സ് 50+ സ്‌കോര്‍ നേടിയത്. ഇതേ റെക്കോഡാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ സായ് സുദര്‍ശനും നേടിയെടുത്തത്.
രാജസ്ഥാനെതിരെ 82 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ ഇതേ ഗ്രൗണ്ടില്‍ മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ 41 പന്തില്‍ 63 റണ്‍സ് നേടിയിരുന്നു.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സ് (41 പന്തില്‍ 74), ചെന്നൈ സൂപ്പര്‍ കിങ്‌സ് (51 പന്തില്‍ 103), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (49 പന്തില്‍ പുറത്താകാതെ 84) എന്നിങ്ങനെയാണ് അഹമ്മദാബാദില്‍ സായ് സുദര്‍ശന്‍ സ്‌കോര്‍ ചെയ്തത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് തുടക്കം പാളിയിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് ടൈറ്റന്‍സിന് നഷ്ടമായി. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗില്‍ മടങ്ങിയത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങിയത്.
ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ സായ് സുദര്‍ശനെ ഒപ്പം കൂട്ടി മികച്ച കൂട്ടുകെട്ടാണ് തന്റെ പഴയ ടീമിനെതിരെ പടുത്തുയര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.
മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ ജോസ് ബട്‌ലറിനെ മടക്കി മഹീഷ് തീക്ഷണയാണ് രാജസ്ഥാനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 25 പന്തില്‍ 36 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ബട്‌ലര്‍ പുറത്തായത്.
ബട്‌ലറിനെ മടക്കി രാജസ്ഥാന്‍ ബ്രേക് ത്രൂ നേടിയെങ്കിലും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മൊമെന്റം നഷ്ടപ്പെടുത്താന്‍ ടൈറ്റന്‍സ് ഒരുക്കമായിരുന്നില്ല. നാലാം നമ്പറിലെത്തിയ ഷാരൂഖ് ഖാനെ ഒപ്പം കൂട്ടി സായ് സുദര്‍ശന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം കുറയാതെ നോക്കി.
മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും ടൈറ്റന്‍സ് സ്‌കോര്‍ 150 കടത്തിയത്. 16ാം ഓവറിലെ നാലാം പന്തില്‍ ഷാരൂഖ് ഖാനെ മഹീഷ് തീക്ഷണ പുറത്താക്കി. 20 പന്തില്‍ 36 റണ്‍സുമായി നില്‍ക്കവെ സ്റ്റംപിങ്ങിലൂടെ സഞ്ജുവാണ് താരത്തിന് പവലിയനിലേക്കുള്ള വഴിയൊരുക്കിയത്.
വെടിക്കെട്ട് വീരന്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന് ഇത്തവണ തിളങ്ങാന്‍ സാധിച്ചില്ല. നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ താരം മൂന്നാം പന്തില്‍ പുറത്തായി.
ടീം സ്‌കോര്‍ 187ല്‍ നില്‍ക്കവെയാണ് സായ് സുദര്‍ശന്‍ പുറത്താകുന്നത്. തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്. അതേ ഓവറില്‍ റാഷിദ് ഖാനെയും ദേശ്പാണ്ഡേ പുറത്താക്കി.
12 പന്ത് നേരിട്ട് രണ്ട് ഫോറും രണ്ട് സിക്‌സറുമായി പുറത്താകാതെ 24 റണ്‍സ് നേടിയ രാഹുല്‍ തേവാട്ടിയ ടീം സ്‌കോര്‍ 200 കടത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടൈറ്റന്‍സ് 217 റണ്‍സ് നേടി.
രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആര്‍ച്ചറും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് വീതവും നേടി.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.
Content highlight: IPL 2025: GT vs RR: Sai Sudharsan becomes only the second batter in IPL history to score five consecutive 50+ scores at a venue.