ഐ.പി.എല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഹോം ടീം നേടിയത്. ഇതോടെ തുടര്‍ച്ചയായ നാലാം വിജയം കുറിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ ഗില്ലിന്റെ സംഘത്തിനായി.
ഐ.പി.എല്ലില്‍ ഇത് ആറാം തവണയാണ് ഗുജറാത്ത് രാജസ്ഥാനെ പരാജയപ്പെടുത്തുന്നത്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ യുവതാരം സായ് സുദര്‍ശന്റെ കരുത്തിലാണ് ടൈറ്റന്‍സ് തകര്‍പ്പന്‍ വിജയം നേടിയെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിരുന്നു. 53 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും അടക്കം 82 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടൈറ്റന്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഷാരൂഖ് ഖാനും ജോസ് ബട്‌ലറും 36 റണ്‍സ് വീതം സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. അവസാന ഓവറില്‍ രാഹുല്‍ തെവാട്ടിയ 12 പന്തില്‍ 24 റണ്‍സെടുത്ത് ടൈറ്റന്‍സിന് ഫിനിഷിങ് ടച്ചും നല്‍കി.
മറുപടി ബാറ്റിങ്ങില്‍ സഞ്ജുവിന്റെ സംഘത്തിന് 159 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. നാല് ഓവറില്‍ ആറ് എക്കോണമിയില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണയാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. സായ് കിഷോറും റാഷിദ് ഖാനും രണ്ട് വിക്കറ്റുകള്‍ വീതം നേടി. മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍, കുല്‍വന്ത് ഖെജ്‌റോളിയ എന്നിവരാണ് ബാക്കി വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഇപ്പോള്‍ ഗുജറാത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് നായകന്‍ ശുഭ്മന്‍ ഗില്‍. സായിയും ബട്‌ലറും നന്നായി ബാറ്റ് ചെയ്തുവെന്നും ബൗളര്‍മാര്‍ ക്ലിനിക്കല്‍ പെര്‍ഫോമന്‍സ് പുറത്തെടുത്തെന്നും ഗില്‍ പറഞ്ഞു. എല്ലാവരും മികച്ച സംഭാവനകള്‍ നല്‍കുന്നത് ഒരു മികച്ച ടീമിന്റെ മുഖമുദ്രയാണെന്നും നല്ല ഫാസ്റ്റ് ബൗളര്‍മാര്‍ ഉള്ളപ്പോള്‍ ക്യാപ്റ്റന്‍സി എളുപ്പമാകുമെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘നല്ല സ്‌കോറായിരുന്നു അത്. ആദ്യ 3-4 ഓവറുകളില്‍ ബാറ്റിങ് എളുപ്പമായിരുന്നില്ല. സായിയും ബട്‌ലറും നന്നായി ബാറ്റ് ചെയ്തു. ബൗളര്‍മാര്‍ ക്ലിനിക്കലായിരുന്നു. ഞങ്ങള്‍ക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാവരും മികച്ച സംഭാവനകള്‍ നല്‍കുമ്പോള്‍ അത് ഒരു മികച്ച ടീമിന്റെ മുഖമുദ്രയാണ്.
ആര്‍ക്കാണ് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിക്കുകയെന്ന് തീരുമാനിക്കാന്‍ കഴിയാത്തപ്പോള്‍ അത് ഒരു തലവേദനയാണ്. അതിനര്‍ത്ഥം നമ്മള്‍ എന്തെങ്കിലും നന്നായി ചെയ്തു എന്നാണ്. ടീമില്‍ നല്ല ഫാസ്റ്റ് ബൗളര്‍മാര്‍ ഉള്ളപ്പോള്‍ ക്യാപ്റ്റന്‍സി എളുപ്പമാകും. ടീമില്‍ എല്ലാവരും നല്ല പ്രകടനം പുറത്തെടുക്കുന്നു. ഇഷി (ഇഷാന്ത് ശര്‍മ) 100ലധികം ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്, അദ്ദേഹം നന്നായി പെരുമാറുന്നു,’ ഗില്‍ പറഞ്ഞു.
Content Highlight: IPL 2025: GT vs RR: Gujarat Titans Skipper Shubman Gill Talks About The Win Against Rajasthan Royals