ഐ.പി.എല്‍ 2025ലെ പഞ്ചാബ് കിങ്സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം തുടരുകയാണ്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തില്‍ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ ടീമിന് നേരത്തെ നഷ്ടപ്പെട്ടിരുന്നു. എട്ട് പന്തില്‍ അഞ്ച് റണ്‍സുമായാണ് താരം പുറത്തായത്. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യ സ്‌കോര്‍ ഉയര്‍ത്തി.
സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് പ്രിയാന്‍ഷ് ആര്യയ്ക്ക് ലഭിച്ചത്. എതിര്‍ ടീം ബൗളര്‍മാരെ അടിച്ചുപറത്തി താരം സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി.
23 പന്തില്‍ 47 റണ്‍സുമായി നില്‍ക്കവെ ആര്യയെ പുറത്താക്കി റാഷിദ് ഖാന്‍ ഗുജറാത്തിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. ഏഴ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 204.35 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
നിര്‍ണായകമായ പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്തതിന് പിന്നാലെ ഐ.പി.എല്‍ കരിയറില്‍ 150 വിക്കറ്റ് എന്ന നേട്ടവും റാഷിദ് തന്റെ പേരിലെഴുതിച്ചേര്‍ത്തു. ഈ നേട്ടം സ്വന്തമാക്കുന്ന 12ാം താരമാണ് റാഷിദ് ഖാന്‍.
ഇതിനൊപ്പം ഏറ്റവും വേഗത്തില്‍ ഐ.പി.എല്ലില്‍ 150 വിക്കറ്റ് സ്വന്തമാക്കുന്ന മൂന്നാമത് താരമെന്ന റെക്കോഡും റാഷിദ് സ്വന്തമാക്കി. കരിയറിലെ 124ാം ഇന്നിങ്‌സിലാണ് റാഷിദ് ഈ നേട്ടത്തിലെത്തിയത്.
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
ലസിത് മലിംഗ – 105
യൂസ്വേന്ദ്ര ചഹല്‍ – 117
റാഷിദ് ഖാന്‍ – 122
ജസ്പ്രീത് ബുംറ – 124
ഡ്വെയ്ന്‍ ബ്രാവോ – 134
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പുറമെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും വേണ്ടിയാണ് റാഷിദ് ഖാന്‍ പന്തെറിഞ്ഞത്. ടൈറ്റന്‍സിനായി ഇതുവരെ 57 വിക്കറ്റെടുത്ത താരം ഓറഞ്ച് ആര്‍മിക്കായി 93 വിക്കറ്റും നേടിയിട്ടുണ്ട്.
ടൈറ്റന്‍സിന്റെ ലീഡിങ് വിക്കറ്റ് ടേക്കറായും സണ്‍റൈസേഴ്‌സിന്റെ രണ്ടാമത് മികച്ച വിക്കറ്റ് വേട്ടക്കാരനുമായാണ് റാഷിദ് ഖാന്‍ ഐ.പി.എല്ലില്‍ തന്റെ മുന്നേറ്റം തുടരുന്നത്.
അതേസമയം, ബാറ്റിങ് തുടരുന്ന പഞ്ചാബ് നിലവില്‍ 14 ഓവര്‍ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 139 എന്ന നിലയിലാണ്. 28 പന്തില്‍ 57 റണ്‍സുമായി ശ്രേയസ് അയ്യരും ഒമ്പത് പന്തില്‍ ആറ് റണ്‍സുമായി മാര്‍കസ് സ്റ്റോയ്‌നിസുമാണ് ക്രീസില്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, രവിശ്രീനിവാസന്‍ സായ് കിഷോര്‍, അര്‍ഷദ് ഖാന്‍, റാഷിദ് ഖാന്‍, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിംഗ്(വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സൂര്യാന്‍ഷ് ഷെഡ്ജ്, അസ്മത്തുള്ള ഒമര്‍സായ്, മാര്‍കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.
Content Highlight: IPL 2025: GT vs PBKS: Rashid Khan complete 150 wickets in IPL