ഐ.പി.എല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 243 റണ്‍സിന്റെ ടോട്ടലുമായി പഞ്ചാബ് കിങ്‌സ്. ടൈറ്റന്‍സിന്റെ ഹോം സ്‌റ്റേഡിയമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യ, വെടിക്കെട്ട് വീരന്‍ ശശാങ്ക് സിങ് എന്നിവരുടെ പ്രകടനത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.
ക്യാപ്റ്റന്‍ 42 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടി മുമ്പില്‍ നിന്നും നയിച്ചു. 23 പന്തില്‍ 47 റണ്‍സുമായി പ്രിയാന്‍ഷ് ആര്യ തിളങ്ങിയപ്പോള്‍ വെറും 16 പന്ത് നേരിട്ട് പുറത്താകാതെ 44 റണ്‍സുമായി ശശാങ്ക് സിങ്ങും തന്റെ റോള്‍ ഗംഭീരമാക്കി.
മത്സരത്തില്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായാണ് മാക്‌സി ആരാധകരുടെ പ്രതീക്ഷകള്‍ ഒന്നടങ്കം തെറ്റിച്ചത്.
രവിശ്രീനിവാസന്‍ സായ് കിഷോറിന്റെ പന്തില്‍ അസ്മത്തുള്ള ഒമര്‍സായ് പുറത്തായതിന് പിന്നാലെയാണ് മാക്‌സ്‌വെല്‍ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള മാക്‌സ്‌വെല്ലിന്റെ ശ്രമം പാളുകയും വിക്കറ്റിന് മുമ്പില്‍ കുടങ്ങി ഔട്ടാവുകയുമായിരുന്നു.
അമ്പയറിന്റെ തീരുമാനം ചലഞ്ച് ചെയ്യാനുള്ള ഓപ്ഷന്‍ മാക്‌സിയുടെ മുമ്പിലുണ്ടായിരുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ക്യാപ്റ്റനുമായി ചര്‍ച്ച ചെയ്ത താരം ഡി.ആര്‍.എസ്. എടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.
ഗോള്‍ഡന്‍ ഡക്കായി മാക്‌സ്‌വെല്‍ തിരിച്ചുനടന്നെങ്കിലും ശേഷം കാണിച്ച റീപ്ലേകളില്‍ അത് ഔട്ടല്ല എന്ന് വ്യക്തമായിരുന്നു.
ടൈറ്റന്‍സിനെതിരെ പൂജ്യത്തിന് മടങ്ങിയതോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന അനാവശ്യ നേട്ടം മാക്‌സ്‌വെല്ലിനെ തേടിയെത്തി. ഇത് 19ാം തവണയാണ് മാക്‌സി ഡക്കായി മടങ്ങുന്നത്. ഇതോടെ ഇത്ര നാള്‍ മറ്റ് താരങ്ങളുമായി പങ്കുവെച്ച ഈ മോശം നേട്ടം ഇപ്പോള്‍ മാക്‌സ്‌വെല്ലിന്റെ പേരില്‍ മാത്രമായി തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായതോടെ മാക്‌സിക്കും ദിനേഷ് കാര്‍ത്തിക്കിനുമൊപ്പം ഈ മോശം നേട്ടത്തില്‍ ഒന്നാമതെത്തിയിരുന്നു. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു രോഹിത് പുറത്തായത്.
ഇതിന്റെ പേരില്‍ രോഹിത്തിനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മാക്‌സ്‌വെല്‍ ഒരിക്കല്‍ക്കൂടി പൂജ്യത്തിന് പുറത്താകുന്നത്.
(താരം – ഡക്ക് എന്നീ ക്രമത്തില്‍)
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 19*
രോഹിത് ശര്‍മ – 18
ദിനേഷ് കാര്‍ത്തിക് – 18
പിയൂഷ് ചൗള – 16
സുനില്‍ നരെയ്ന്‍ – 16
മന്‍ദീപ് സിങ് – 15
റാഷിദ് ഖാന്‍ – 15
മാക്‌സി നിരാശപ്പെടുത്തിയെങ്കിലും മറ്റുള്ളവര്‍ തകര്‍ത്തടിച്ചതോടെ പഞ്ചാബ് മികച്ച സ്‌കോറിലെത്തി.
ടൈറ്റന്‍സിനായി രവിശ്രീനിവാസന്‍ സായ് കിഷോര്‍ മൂന്ന് വിക്കറ്റ് നേടി. കഗീസോ റബാദയും റാഷിദ് ഖാനുമാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, രവിശ്രീനിവാസന്‍ സായ് കിഷോര്‍, അര്‍ഷദ് ഖാന്‍, റാഷിദ് ഖാന്‍, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സൂര്യാന്‍ഷ് ഷെഡ്ജ്, അസ്മത്തുള്ള ഒമര്‍സായ്, മാര്‍കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.
Content Highlight: IPL 2025: GT vs PBKS: Glenn Maxwell out for the duck for 19th time