| Saturday, 29th March 2025, 1:31 pm

അവന്‍ മുംബൈയുടെ എക്‌സ് ഫാക്ടര്‍, ഗുജറാത്തിനെതിരെ അവര്‍ വിജയിക്കും: സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. പതിനെട്ടാം സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും പരസ്പരം പോരാടാനൊരുങ്ങുന്നത്.

സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടും 11 റണ്‍സിന്റെ തോല്‍വിയാണ് ഗില്ലിന്റെ സംഘം ഏറ്റുവാങ്ങിയത്.

അതേസമയം, എല്‍ ക്ലാസിക്കോയില്‍ ചെന്നൈയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടതാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. വിലക്ക് കാരണം ആദ്യ മത്സരത്തില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈയെ ഈ മത്സരത്തില്‍ തിരിച്ചെത്തും. താരത്തിന്റ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചിരുന്നത്.

മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ജയിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഹര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവ് ടീമിനെ ശക്തിപ്പെടുത്തുമെന്നും താരം ടീമിലെ എക്‌സ് ഫാക്ടറാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് താരം അഭിപ്രായം പറഞ്ഞത്.

‘ഹര്‍ദിക് പാണ്ഡ്യ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തുന്നതിനാല്‍ മുംബൈ ഇന്ത്യന്‍സാണ് മത്സരത്തിലെ ഫേവറേറ്റുകള്‍. ടീമിനെ ശക്തിപ്പെടുത്താന്‍ അവന്‍ കഴിയും. ഹര്‍ദിക്കാണ് മുംബൈയുടെ എക്‌സ് ഫാക്ടര്‍. മുന്‍ മത്സരങ്ങളില്‍ രജത് പാടിദാറും റിഷബ് പന്തും ക്യാപ്റ്റന്റെ റോളിന്റെ പ്രാധാന്യം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഹര്‍ദിക്കില്‍ നിന്ന് സമാനമായ പ്രകടനം പ്രതീക്ഷിക്കുന്നു,’ റെയ്‌ന പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാക്കുന്നത്. ഗുജറാത്തില്‍ നിന്നും പൊന്നും വിലക്ക് ടീമിലെത്തിച്ച് രോഹിത് ശര്‍മയെ മാറ്റി ക്യാപ്റ്റന്‍സി നല്‍കുകയുമായിരുന്നു. 2022ലാണ് ഹര്‍ദിക് ഗുജറാത്തിലേക്ക് കൂടുമാറിയത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പല മത്സരങ്ങളിലും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്ക് ആരാധകരില്‍ നിന്നും കൂവലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

2024 ലെ ഐപിഎല്‍ സീസണ്‍ ഹര്‍ദിക്കിന് ക്യാപ്റ്റന്‍ എന്ന നിലയിലും താരമെന്ന നിലയിലും ബുദ്ധിമുട്ടേറിയതായിരുന്നു. 143 സ്‌ട്രൈക്ക് റേറ്റില്‍ 216 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 10.75 എന്ന എക്കോണമിയില്‍ 11 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

മുംബൈ ഇന്ത്യന്‍സ് എട്ട് പോയിന്റുമായി പത്താം സ്ഥാനക്കാരായാണ് കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയങ്ങള്‍ മാത്രമായിരുന്നു മുംബൈക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നത്.

Content Highlight: IPL 2025: GT vs MI: Former Indian Cricketer Suresh Raina Declares Mumbai As Favorites Against Gujarat And Calls Hardik Pandya As X Factor

We use cookies to give you the best possible experience. Learn more