|

ഗാംഗുലിയോ ഗംഭീറോ അല്ല, അവനെ മാറ്റിനിര്‍ത്തി കൊല്‍ക്കത്തയുടെ വിജയത്തെ കുറിച്ച് നിങ്ങള്‍ക്കൊരിക്കലും സംസാരിക്കാന്‍ സാധിക്കില്ല: ഒയിന്‍ മോര്‍ഗന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കത്തിന്റെ 18ാം എഡിഷന് കൊടിയേറാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 22ന് വൈകീട്ട് 7.30ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

പുതിയ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത സൂപ്പര്‍ ഓള്‍-റൗണ്ടര്‍ സുനില്‍ നരെയ്‌നെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഒയിന്‍ മോര്‍ഗന്‍. കൊല്‍ക്കത്തയുടെ മൂന്ന് കിരീടനേട്ടങ്ങളിലും നരെയ്‌ന്റെ പങ്ക് എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മോര്‍ഗന്റെ പരാമര്‍ശം.

‘സുനില്‍ നരെയ്‌നെ കുറിച്ച് സംസാരിക്കാതെ മെന്‍ ഇന്‍ പര്‍പ്പിള്‍ ആന്‍ഡ് ഗോള്‍ഡിന്റെ വിജയത്തെ കുറിച്ച് നിങ്ങള്‍ക്കൊരിക്കലും സംസാരിക്കാന്‍ സാധിക്കില്ല,’ ജിയോ ഹോട്‌സ്റ്റാറിലൂടെ മോര്‍ഗന്‍ പറഞ്ഞു.

മോര്‍ഗന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിവെക്കുന്നതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി നരെയ്ന്‍ പുറത്തെടുത്ത പ്രകടനങ്ങള്‍. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമണിയുമ്പോള്‍ 24 വിക്കറ്റുമായി ടൂര്‍ണമെന്റിന്റെ താരമായി തിളങ്ങിയത് നരെയ്‌നായിരുന്നു. കൊല്‍ക്കത്ത കിരീടനേട്ടം ആവര്‍ത്തിച്ച 2014ലും നരെയ്‌ന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു.

2012ലെ വിജയശില്‍പി: സുനില്‍ നരെയ്‌നെ തോളിലേറ്റി വിജയം ആഘോഷിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ | ചിത്രത്തിന് കടപ്പാട്: ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ

ഓപ്പണറുടെ റോളിലെത്തിയ 2024ല്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും നരെയ്ന്‍ വിരുതുകാണിച്ചു. 15 ഇന്നിങ്‌സില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പടെ 488 റണ്‍സാണ് താരം നേടിയത്. ഫില്‍ സോള്‍ട്ട്, റഹ്‌മാനുള്ള ഗുര്‍ബാസ്, വെങ്കിടേഷ് അയ്യര്‍ തുടങ്ങി വമ്പനടിവീരന്‍മാര്‍ ഏറെയുണ്ടായിട്ടും കൊല്‍ക്കത്തയ്ക്കായി കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് നരെയ്‌നായിരുന്നു. പന്തെടുത്ത 14 ഇന്നിങ്‌സില്‍ നിന്നും 17 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

മൂന്നാം കിരീടം

സണ്‍റൈസേഴ്‌സിനെ അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയങ്ങളിലൊന്നിലേക്ക് തള്ളിവിട്ട് മൂന്നാം കിരീടമുയര്‍ത്തിയപ്പോഴും ടൂര്‍ണമെന്റിന്റെ താരമായത് കരീബിയന്‍ സൂപ്പര്‍ താരം തന്നെയായിരുന്നു.

2024ലെ എം.വി.പി പുരസ്കാരവുമായി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഏഴാമനാണ് നരെയ്ന്‍. 111 ഇന്നിങ്‌സില്‍ നിന്നും 1,535 റണ്‍സാണ് താരം നേടിയത്. ഗൗതം ഗംഭീര്‍ (3,345), റോബന്‍ ഉത്തപ്പ (2,649), ആന്ദ്രേ റസല്‍ (2,491), നിതീഷ് റാണ (2.199), യൂസുഫ് പത്താന്‍ (2,061), ജാക് കാല്ലിസ് (1,603) എന്നിവര്‍ മാത്രമാണ് നരെയ്‌ന് മുമ്പിലുള്ളത്.

അതേസമയം, വിക്കറ്റ് വേട്ടയില്‍ നരെയ്‌നെ കവച്ചുവെക്കാന്‍ മറ്റാര്‍ക്കും തന്നെ സാധിച്ചിട്ടില്ല. 184 ഇന്നിങ്‌സില്‍ നിന്നും 198 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള റസലിന് 116 വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത് എന്നുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് കൊല്‍ക്കത്തയ്ക്കായി നരെയ്ന്‍ പുറത്തെടുത്ത ഡോമിനേഷന്‍ എത്രത്തോളം വലുതാണെന്ന് വ്യക്തമാവുക.

പുതിയ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നിലനിര്‍ത്തിയ ആറ് താരങ്ങളില്‍ ഒരാളാണ് നരെയ്ന്‍. 12 കോടിയാണ് ടീം നരെയ്‌നായി മാറ്റിവെച്ചത്. കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത അതേ ഡോമിനന്‍സ് താരം ഈ സീസണിലും പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: IPL 2025: Former Kolkata Knight Riders captain Eoin Morgan praises Sunil Narine

Video Stories