|

ഈ ടീം പ്ലേ ഓഫില്‍ എത്തും, അവരെ തോല്‍പ്പിക്കുക പ്രയാസം; വമ്പന്‍ പ്രസ്താവനയുമായി സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗില്ലും കൂട്ടരും നേടിയത്. സീസണിലെ ഗുജറാത്തിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159 റണ്‍സിന് പുറത്തായി. മത്സരത്തില്‍ യുവതാരം സായ് സുദര്‍ശന്റെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്. 53 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും അടക്കം 82 റണ്‍സാണ് താരം എടുത്തത്.

ഷാരൂഖ് ഖാനും ജോസ് ബട്‌ലറും 36 റണ്‍സ് വീതം സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. അവസാന ഓവറില്‍ രാഹുല്‍ തെവാട്ടിയ 12 പന്തില്‍ 24 റണ്‍സെടുത്ത് ടൈറ്റന്‍സിന് ഫിനിഷിങ് ടച്ചും നല്‍കി.

മത്സരത്തില്‍ ബൗളിങ് യൂണിറ്റും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നാല് ഓവറില്‍ ആറ് എക്കോണമിയില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസീദ്ധ് കൃഷ്ണയാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. സായ് കിഷോറും റാഷിദ് ഖാനും രണ്ട് വിക്കറ്റുകള്‍ വീതം നേടി. മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍, കുല്‍വന്ത് ഖെജ്‌രോലിയ എന്നിവരാണ് ബാക്കി വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്രര്‍ സെവാഗ്. ഗുജറാത്ത് മികച്ച ക്രിക്കറ്റ് കളിക്കുന്നവെന്നും ടീം ഒന്നാകെ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെന്നും സെവാഗ് പറഞ്ഞു. ടൈറ്റന്‍സ് ഈ വര്‍ഷം ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുമെന്നും അവരെ പ്ലേ ഓഫില്‍ തോല്‍പ്പിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഗുജറാത്ത് മികച്ച ക്രിക്കറ്റ് കളിക്കുന്നു. ബാറ്റര്‍മാര്‍ റണ്‍സ് നേടുന്നുണ്ട്. ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. അവരുടെ ഫീല്‍ഡിങ്ങും മികച്ചതാണ്. കളിക്കാര്‍ മികച്ച ക്യാച്ചുകള്‍ എടുക്കുന്നു.

ടൈറ്റന്‍സ് ഈ വര്‍ഷം ആദ്യ നാലില്‍ ഇടം നേടും. പ്ലേഓഫില്‍ അവരെ തോല്‍പ്പിക്കുക ബുദ്ധിമുട്ടായിരിക്കും,’ സെവാഗ് പറഞ്ഞു.

സീസണില്‍ മികച്ച പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് പുറത്തെടുക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരം തോറ്റ് തുടങ്ങിയ ടീം പിന്നീടുള്ള നാല് മത്സരങ്ങളിലും വിജയിച്ചു.

Content Highlight: IPL 2025: Former Indian Cricketer Virender Sehwag Predicts That Gujarat Titans Will Qualify To Playoffs And It Would Be Tough To Defeat Them

Latest Stories