2025ലെ ഐ.പി.എല്ലില്‍ ഇതുവരെ രണ്ട് ബാറ്റര്‍മാരെ റിട്ടയേഡ് ഔട്ടിലൂടെ തിരിച്ചുവിളിച്ചിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താനാകാതെ മുംബൈയുടെ തിലക് വര്‍മയ്ക്ക് പകരം മിച്ചല്‍ സാന്റ്നര്‍ക്ക് ഇറങ്ങേണ്ടി വന്നിരുന്നു.
അവസാന ഏഴ് പന്തുകളില്‍ മുംബൈയ്ക്ക് 24 റണ്‍സ് ആവശ്യമായിരുന്നപ്പോള്‍ തിലക് 23 പന്തുകളില്‍ നിന്ന് 25 റണ്‍സ് നേടിയാണ് മടങ്ങിയത്. തിലകിനെക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചാണ് മുംബൈ മിച്ചലിനെ കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത്.
അതുപോലെ പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തില്‍ ചെന്നൈ ബാറ്റര്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് പകരം രവീന്ദ്ര ജഡേജയെ കൊണ്ടുവന്നിരുന്നു. കോണ്‍വേ 49 പന്തില്‍ 69 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ജഡേജ 9*(5) റണ്‍സായിരുന്നു നേടിയത്. മാത്രമല്ല റിട്ടയേഡ് ഔട്ട് നടത്തിയിട്ടും ടീമിന് വിജയത്തിലെത്താന്‍ കഴിഞ്ഞില്ല. മുംബൈയും സി.എസ്.കെയും റിട്ടയേഡ് ഔട്ട് നടത്തിയപ്പോള്‍ മത്സരങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ഇപ്പോള്‍ ഐ.പി.എല്ലിലെ റിട്ടയേഡ് ഔട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നിരാശ മൂലമാണ് ടീമുകള്‍ റിട്ടയേഡ് ഔട്ട് ഓപ്ഷന്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന് കൈഫ് പറഞ്ഞു. തന്റെ എക്‌സ് പോസ്റ്റിലാണ് മുന്‍ ഇന്ത്യന്‍ താരം ഇക്കാര്യം പറഞ്ഞത്.
‘നിരാശ മൂലമാണ് ടീമുകള്‍ റിട്ടയേഡ് ഔട്ട് ഓപ്ഷന്‍ കൂടുതലായി ഉപയോഗിക്കുന്നത്. ആദ്യ പന്തില്‍ തന്നെ സികസര്‍ അടിക്കാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ വളരെ കുറവായതിനാല്‍ ഈ രീതി വളരെ അപൂര്‍വമായി മാത്രമേ ഫലം കാണൂ. മിക്കപ്പോഴും ക്രീസില്‍ ബുദ്ധിമുട്ടുന്ന ബാറ്റര്‍മാര്‍ക്കാണ് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. കാരണം രാഹുല്‍ തെവാട്ടിയയെ നമ്മള്‍ ഓര്‍ക്കുക, 19 പന്തില്‍ നിന്ന് എട്ട് റണ്‍സ് നേടിയ ശേഷം അദ്ദേഹം അഞ്ച് പന്തില്‍ അഞ്ച് സിക്‌സറുകള്‍ അടിച്ചു രാജസ്ഥാനെ വിജയത്തിലെത്തിച്ചു (2020ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരം),’ കൈഫ് എഴുതി.
ഐ.പി.എല്ലില്‍ ഇന്നലെ നടന്ന (ബുധന്‍) മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തി ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തിയിരുന്നു. സീസണിലെ അഞ്ച് മത്സരങ്ങളില്‍ നാല് വിജയമാണ് ഗുജറാത്ത് നേടിയത്. അതേസമയം രാജസ്ഥാന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയും രണ്ട് വിജയവുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ്.
ടൂര്‍ണമെന്റിലെ വമ്പന്‍മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ യഥാക്രമം എട്ടും ഒമ്പതും പത്തും സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് മൂന്ന് ടീമിനും നേടാന്‍ സാധിച്ചത്.
Content Highlight: IPL 2025: Former Indian Cricket Player Mohammad Kaif Criticize Retire Out Rule In IPL