|

അവര്‍ ഐ.പി.എല്‍ കിരീടം നേടും, ഈ ക്യാപ്റ്റന്‍ എന്റെ ഫേവറിറ്റ്; വമ്പന്‍ തെരഞ്ഞെടുപ്പുമായി മൈക്കല്‍ ക്ലാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പതിനെട്ടാം സീസണിന് ഇനി ഒരു നാള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകര്‍ ആവേശത്തോടെയാണ് പുതിയ സീസണിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍, ഐ.പി.എല്‍ വിജയികളെ പ്രവചിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

പതിനെട്ടാം സീസണില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമായി സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും ഫേവറിറ്റ് ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സിനെയുമാണ് ക്ലാര്‍ക്ക് തെരഞ്ഞെടുത്തത്. എസ്.ആര്‍.എച്ചിന്റെ വിജയത്തില്‍ ബൗളിങ് നിര്‍ണായക പങ്ക് വഹിക്കുമെന്നും കമ്മിന്‍സ് ഡെത്ത് ബൗളിങ്ങിലെ പ്രധാനിയാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഐ.പി.എല്ലില്‍ ഒരു കളിക്കാരനെ തെരഞ്ഞെടുക്കുകയാണെങ്കില്‍, ഞാന്‍ പാറ്റ് കമ്മിന്‍സിനേയും ഫ്രാഞ്ചൈസിയായി സണ്‍റൈസേഴ്സ് ഹൈദരാബാദിനെയുമായിരിക്കും തെരഞ്ഞെടുക്കുക. ഈ സീസണില്‍ അവരുടെ ബൗളിങ് നിര്‍ണായക പങ്കു വഹിക്കുമെന്ന് ഞാന്‍ കരുതുന്നു. ഹൈദരാബാദിന്റെ ബാറ്റിങ് യൂണിറ്റും ശക്തമാണ്.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ പാറ്റി (പാറ്റ് കമ്മിന്‍സ്) കഴിഞ്ഞ സീസണില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അത് അവരുടെ ബൗളിങ്ങാണ്. പരിക്കുകള്‍ കാരണം ഫാസ്റ്റ് ബൗളര്‍മാരെ നഷ്ടപ്പെടുന്നത് അവര്‍ക്ക് താങ്ങാനാവില്ല. ഡെത്ത് ബൗളിങ് ഒരു പ്രധാന ഘടകമായിരിക്കും. കമ്മിന്‍സ് അതിന്റെ ഭാഗമാകും,’ ക്ലാര്‍ക്ക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ശക്തമായ ടീമുമായാണ് ഹൈദരാബാദ് ഇപ്രാവശ്യവും ഐ.പി.എല്ലിന് ഒരുങ്ങുന്നത്. നായകന്‍ കമ്മിന്‍സിനെയും അഭിഷേക് ശര്‍മയേയും ട്രാവിസ് ഹെഡിനെയും ഹെന്റിച്ച് ക്ലാസനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും നിലനിര്‍ത്തിയിരുന്നു. കൂടാതെ, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, ആദം സാംപ, ഹര്‍ഷല്‍ പട്ടേല്‍ എന്നീ താരങ്ങളെയും മെഗാ ലേലത്തിലൂടെ ടീമില്‍ എത്തിച്ചിരുന്നു.

അതേസമയം, മാര്‍ച്ച് 22നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണിന് തുടക്കമാവുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരുക. മാര്‍ച്ച് 23ന് രാജസ്ഥാന്‍ റോയല്‍സുമായാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.

Content Highlight: IPL 2025: Former Australian Captain Michael Clarke Predict The Winners Of The IPL

Video Stories