ഐ.പി.എല്‍ 2025ന് മുമ്പ് നടക്കുന്ന മെഗാ താരലേലത്തിന്റെ ആവേശം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. ലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി അഞ്ച് താരങ്ങളെയാണ് നിലനിര്‍ത്താന്‍ സാധിക്കുക. ഓരോ ടീമും നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് ആരാധകര്‍ ഇപ്പോഴേ കണക്കുകൂട്ടുന്നുണ്ട്.
ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് ഹല്ലാ ബോല്‍ ആര്‍മിക്ക് കണക്കുകൂട്ടലുകളുണ്ട്. ക്യാപ്റ്റന്‍ സഞ്ജുവടക്കമുള്ളവരാകും രാജസ്ഥാന്റെ സ്‌ക്വാഡില്‍ തുടരുക എന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നുണ്ട്.
ക്യാപ്റ്റനായി സഞ്ജു സാംസണ്‍ തന്നെ തുടരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയുടെയും നിലപാടുകളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.
യുവതാരം യശസ്വി ജെയ്‌സ്വാളാണ് രാജസ്ഥാന്‍ വിടാതെ ചേര്‍ത്തുപിടിക്കാന്‍ സാധ്യതയുള്ള രണ്ടാമത് താരം. രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളെന്ന് തന്റെ പ്രകടനം കൊണ്ട് അടയാളപ്പെടുത്ത താരമാണ് ജെയ്‌സ്വാള്‍. കഴിഞ്ഞ സീസണുകളിലെല്ലാം തന്നെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
ജെയ്‌സ്വാളിനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ രാജസ്ഥാന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നേക്കില്ല. ലേലത്തില്‍ വിട്ടുകൊടുത്ത് വീണ്ടും സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിക്കാം എന്ന പ്ലാന്‍ ടീമിനുണ്ടെങ്കില്‍ അത് പാളാനുള്ള സാധ്യകള്‍ ഏറെയാണ്. ജെയ്‌സ്വാളിനെ പൊന്നും വിലകൊടുത്ത് ടീമിലെത്തിക്കാന്‍ മറ്റു ടീമുകള്‍ മത്സരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും രാജസ്ഥാന് ഉണ്ടാകില്ല എന്നതിനാല്‍ തന്നെ അടുത്ത സീസണില്‍ ജെയ്‌സ്വാളിനെ പിങ്ക് ജേഴ്‌സിയില്‍ കാണാന്‍ സാധിച്ചേക്കും.
ജെയ്‌സ്വാളിന്റെ ക്രൈം പാര്‍ട്ണര്‍ ജോസ് ബട്‌ലറിനെയും രാജസ്ഥാന്‍ വിടാതെ ചേര്‍ത്തുപിടിച്ചേക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍ പാര്‍ട്ടായ പാള്‍ റോയല്‍സിന്റെയും പ്രധാന താരമായ ബട്‌ലറിനെയും 2025ല്‍ ജയ്പൂരില്‍ കാണാന്‍ സാധ്യതകളേറെയാണ്. 2022ല്‍ രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബട്‌ലറായിരുന്നു.
ഏതൊരു പരിതസ്ഥിതിയിലും മോശം ഫോമിലും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാക്കി കൊണ്ടുനടന്ന റിയാന്‍ പരാഗ് അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകാനുള്ള സാധ്യതകളേറെയാണ്. ഇക്കാലമത്രയും കേട്ട വിമര്‍ശനങ്ങള്‍ക്ക് ഒറ്റ സീസണ്‍ കൊണ്ട് മറുപടി നല്‍കിയാണ് പരാഗ് തിളങ്ങിയത്.
നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയാണ് പരാഗ് 2024 സീസണ്‍ അവസാനിപ്പിച്ചത്.
ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാകും രാജസ്ഥാന്‍ നിലനിര്‍ത്തുന്ന മറ്റൊരു വിദേശ താരം. ഫസ്റ്റ് ഓവര്‍ വിക്കറ്റ് സ്‌പെഷ്യലിസ്റ്റായ ബോള്‍ട്ടിനെ മുന്‍നിര്‍ത്തിയാകും ദ്രാവിഡ് പേസ് ബൗളിങ് മെനയുക.
ഈ അഞ്ച് പേരെയും നിലനിര്‍ത്തുന്നതോടെ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെയും വെറ്ററന്‍ സൂപ്പര്‍ താരം അശ്വിനെയും നിലനിര്‍ത്താന്‍ രാജസ്ഥാന് സാധിക്കില്ല. ആര്‍. അശ്വിന്‍ പോലെ ഒരു മാസ്റ്റര്‍ ടാക്ടീഷ്യന്റെ സേവനവും ഡ്രസ്സിങ് റൂമിലെ സാന്നിധ്യവും ടീമിന്റെ ടോട്ടല്‍ പെര്‍ഫോമന്‍സിനെ തന്നെ എലവേറ്റ് ചെയ്യുമെന്നതിനാല്‍ താരത്തെ വിട്ടുകൊടുക്കാനും രാജസ്ഥാന്‍ ഒരുങ്ങില്ല.
അതേസമയം, അശ്വിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. റേവ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സി.എസ്.കെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന താരങ്ങളുടെ പട്ടികയില്‍ അശ്വിനുമുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അടുത്ത സീസണില്‍ രാജസ്ഥാന്‍ താരത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന ലേലത്തില്‍ ചെന്നൈക്ക് അശ്വിനെ ടീമിലെത്തിക്കാന്‍ സാധിക്കും. 2008 മുതല്‍ 2015 വരെ അശ്വിന്‍ സൂപ്പര്‍ കിങ്‌സ് ക്യാമ്പിലെ പ്രധാനിയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ പഴയ തട്ടകത്തിലേക്ക് അശ്വിന്‍ വീണ്ടും തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content highlight: IPL 2025: Five players likely to be retained by Rajasthan Royals ahead of mega auction