ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എല്ലിന് മാര്‍ച്ച് 22ന് തുടക്കമാകും. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന്റെ പതിനെട്ടാം പതിപ്പിന് തിരശീലയുയരുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി.
എല്ലാ ടീമുകളും താരങ്ങളും പുതിയ സീസണിനായി അവസാന ഘട്ട തയ്യാറെടുപ്പിലാണ്. പരിക്കേറ്റ് പുറത്തായ താരങ്ങള്‍ക്ക് ടീമുകള്‍ പകരക്കാരെ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിന് പകരക്കാനായി ചേതന്‍ സക്കറിയയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ തന്റെ ഐ.പി.എല്ലിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് ചേതന്‍ സക്കറിയ.
തിരിച്ചുവന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തന്നില്‍ വിശ്വസിച്ചതില്‍ കെ.കെ.ആര്‍ മാനേജ്‌മെന്റിനോട് നന്ദിയുണ്ടെന്നും സക്കറിയ പറഞ്ഞു. താന്‍ ഒരിക്കലും ടീമില്‍ നിന്ന് പുറത്തുപോകാത്തതുപോലെ തോന്നുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘തിരിച്ചുവന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഞാന്‍ ഒരിക്കലും ടീമില്‍ നിന്ന് പുറത്തുപോകാത്തതുപോലെ തോന്നുന്നു. ടീം അന്തരീക്ഷം ഒന്നുതന്നെയാണ്. കെ.കെ.ആര്‍ എപ്പോഴും ഊര്‍ജ്ജസ്വലരാണ്, എല്ലാ കളിക്കാരും ഒരേ മനോഭാവത്തോടെയാണ് പരിശീലനം നടത്തുന്നത്.
എന്നില്‍ വിശ്വസിച്ചതിന് കൊല്‍ക്കത്ത മാനേജ്‌മെന്റിനോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഞാന്‍ നല്ല മാനസികാവസ്ഥയിലാണ്. മത്സരങ്ങള്‍ക്കായി നന്നായി തയ്യാറെടുക്കുന്നുണ്ട്. അതിനാല്‍, സീസണിലേക്ക് കടക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം തോന്നുന്നു,’ സക്കറിയ പറഞ്ഞു.
കൊല്‍ക്കത്തയുടെ പരിശീലക സംഘത്തില്‍ മികച്ച വിദഗ്ദ്ധരാണുള്ളതെന്നും ബ്രാവോയില്‍ നിന്നും ഭരത് അരുണില്‍ നിന്നും പഠിക്കാനുള്ള അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങളുടെ പരിശീലക സംഘത്തില്‍ മികച്ച ബൗളിങ് വിദഗ്ദ്ധരാണുള്ളത്. തന്ത്രപരമായ മാര്‍ഗനിര്‍ദേശത്തിനും ആസൂത്രണത്തിനും ഡി.ജെ. ബ്രാവോ എപ്പോഴും സഹായിക്കുന്നു. പന്തെറിയുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ഭരത് സര്‍ ഉപദേശം നല്‍കുന്നു. ഒരു ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍, രണ്ട് പേരില്‍ നിന്നും പഠിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു വലിയ നേട്ടമാണ്,’ സക്കറിയ കൂട്ടിച്ചേര്‍ത്തു.
Content Highlight: IPL 2025: Fast Bowler Chetan Sakariya Talks About His Return To IPL