നൂറല്ല ഇരുന്നൂറല്ല, ഒറ്റയടിക്ക് സാലറി വര്‍ധിച്ചത് 6900 ശതമാനം; ബമ്പറിനേക്കാള്‍ വലിയ ലോട്ടറിയടിച്ച് സഞ്ജുവിന്റെ പടത്തലവന്‍
IPL
നൂറല്ല ഇരുന്നൂറല്ല, ഒറ്റയടിക്ക് സാലറി വര്‍ധിച്ചത് 6900 ശതമാനം; ബമ്പറിനേക്കാള്‍ വലിയ ലോട്ടറിയടിച്ച് സഞ്ജുവിന്റെ പടത്തലവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st November 2024, 11:58 am

ഐ.പി.എല്‍ 2025നുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. ഓരോ ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചാണ് പോര്‍മുഖം തുറന്നത്. മിക്ക ടീമുകളും തങ്ങളുടെ മാര്‍ക്വി താരങ്ങളെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍മാരെയടക്കം ലേലത്തിന് വിട്ടുകൊടുത്ത ടീമുകളുമുണ്ടായിരുന്നു.

ഒരു ടീമിന് ആകെ ആറ് താരങ്ങളെയാണ് നിലനിര്‍ത്താനുള്ള അവസരമുണ്ടായിരുന്നത്. രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആറ് താരങ്ങളെയും നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സ് വെറും രണ്ടേ രണ്ട് താരങ്ങളെയാണ് ചേര്‍ത്തുനിര്‍ത്തിയത്.

 

സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം ഹെന്റിക് ക്ലാസനാണ് റിറ്റെന്‍ഷനില്‍ ഏറ്റവുമധികം തുക ലഭിച്ചത്. 23 കോടി. വിരാട് കോഹ്‌ലിക്കും നിക്കോളാസ് പൂരനും 21 കോടി വീതമാണ് ആര്‍.സി.ബിയും ലഖ്‌നൗവും മാറ്റിവെച്ചത്. 18 കോടിയുമായി ബുംറയും സഞ്ജുവും ജഡ്ഡുവുമടക്കം ഏഴ് താരങ്ങള്‍ ‘റിറ്റെന്‍ഷന്‍ ക്രോര്‍പതി ലിസ്റ്റില്‍’ മൂന്നാമതുണ്ട്.

പല താരങ്ങള്‍ക്കും പ്രതിഫലത്തില്‍ വന്‍ വര്‍ധവ് ലഭിച്ചു. അടിസ്ഥാന വില മാത്രമുണ്ടായിരുന്ന മിക്ക താരങ്ങള്‍ക്കും കോടികളാണ് റിറ്റെന്‍ഷനില്‍ പ്രതിഫലമായി ലഭിച്ചത്.

ഇക്കൂട്ടത്തില്‍ ഏറ്റവും വര്‍ധനവുണ്ടായത് രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറെലിനാണ്. കഴിഞ്ഞ സീസണുകളിലെ മികച്ച പ്രകടനവും ഇന്ത്യന്‍ അരങ്ങേറ്റവും താരത്തിന്റെ മൂല്യം പതിന്‍മടങ്ങ് വര്‍ധിപ്പിച്ചു.

2022 മെഗാ താരലേലത്തില്‍ 20 ലക്ഷത്തിനായിരുന്നു ഈ ഉത്തര്‍പ്രദേശുകാരനെ രാജസ്ഥാന്‍ റോയല്‍സ് സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിച്ചത്. എന്നാലിപ്പോള്‍ 14 കോടി രൂപ നല്‍കിയാണ് രാജസ്ഥാന്‍ താരത്തെ ടീമില്‍ നിലനിര്‍ത്തിയത്. അതായത് പ്രതിഫലത്തില്‍ 6900 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വര്‍ധനവ്!

പഞ്ചാബിന്റെ ശശാങ്ക് സിങ്ങാണ് റിറ്റെന്‍ഷനില്‍ നിറഞ്ഞുനിന്ന മറ്റൊരു താരം. പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയ രണ്ടേ രണ്ട് താരങ്ങളില്‍ ഒന്നാമന്‍.

കഴിഞ്ഞ തവണ ആളുമാറിയാണ് പഞ്ചാബ് ശശാങ്കിനെ സ്വന്തമാക്കിയത്. മറ്റൊരു ശശാങ്കിനായി ബിഡ് ചെയ്ത പഞ്ചാബിന് പിഴച്ചു. ഇക്കാര്യം ലേലനടപടികള്‍ നിയന്ത്രിക്കുന്ന ആളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതിനോടകം തന്നെ ലേലം ഉറപ്പിച്ചിരുന്നു.

എന്നാല്‍ ആളുമാറി ടീമിലെത്തിയ ശശാങ്ക് തനിക്ക് ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുകയും ടീമിന്റെ രക്ഷകനായി മാറുകയുമായിരുന്നു. ഇപ്പോള്‍ 20 ലക്ഷത്തിന് വാങ്ങിയ താരത്തെ 5.5 കോടി നല്‍കിയാണ് പഞ്ചാബ് നിലനിര്‍ത്തിയത്.

ശതമാനക്കണക്കില്‍ ജുറെലിനെക്കാള്‍ താഴെയാണെങ്കിലും ഇംപാക്ടില്‍ ശശാങ്ക് ജുറെലിനെക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ്.

റിറ്റെന്‍ഷനില്‍ ഏറ്റവുമധികം ഹൈക്ക് നേടിയ താരങ്ങളെ പരിശോധിക്കാം,

(താരം – ടീം – 2024ലെ പ്രതിഫലം – 2025ലെ പ്രതിഫളം – വര്‍ധനവ് (ശതമാനത്തില്‍) എന്നീ ക്രമത്തില്‍)

ധ്രുവ് ജുറെല്‍ – രാജസ്ഥാന്‍ റോയല്‍സ് – 20 ലക്ഷം – 14 കോടി – 6900%

മതീശ പതിരാന – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 20 ലക്ഷം – 13 കോടി – 6400%

രജത് പാടിദാര്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 20 ലക്ഷം – 11 കോടി – 5400%

മായങ്ക് യാദവ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 20 ലക്ഷം – 11 കോടി – 5400%

സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 20 ലക്ഷം – 8.50 കോടി- 4150%

ശശാങ്ക് സിങ് – പഞ്ചാബ് കിങ്‌സ് – 20 ലക്ഷം – 5.50 കോടി – 2650%

റിങ്കു സിങ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 55 ലക്ഷം – 13 കോടി – 2264%

 

Content Highlight: IPL 2025: Dhruv Jurel tops the list of biggest salary hikes