|

പ്ലേ ഓഫ്, ഫൈനല്‍, ദേ ഇപ്പോഴും; വല്ലാത്തൊരു ഹാട്രിക്; വിക്കറ്റ് വീഴ്ത്തിയല്ല, അതുക്കും മേലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് ദല്‍ഹി ക്യാപ്പിറ്റല്‍സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ക്യാപ്പിറ്റല്‍സ് നേടിയത്.

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം 16 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്യാപ്പിറ്റല്‍സ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓറഞ്ച് ആര്‍മി 18.4 ഓവറില്‍ 163ന് പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനമാണ് സണ്‍റൈസേഴ്‌സിനെ തളച്ചത്. നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റാര്‍ക് തിളങ്ങിയത്. ഈ സീസണിലെ ആദ്യ ഫൈഫറാണിത്.

സൂപ്പര്‍ താരങ്ങളായ ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വിയാന്‍ മുള്‍ഡര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയാണ് സ്റ്റാര്‍ക് പുറത്താക്കിയത്.

സ്റ്റാര്‍ക്കിന് പുറമെ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും മോഹിത് ശര്‍മ ഒരു വിക്കറ്റും നേടി.

സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ 41 പന്തില്‍ 74 റണ്‍സ് നേടിയ അനികേത് വര്‍മയാണ് ഹൈദരാബാദിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ആറ് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

19 പന്തില്‍ 32 റണ്‍സടിച്ച ഹെന്‌റിക് ക്ലാസനും 12 പന്തില്‍ 22 റണ്‍സുമായി ട്രാവിസ് ഹെഡും ടീമിനെ മോശമല്ലാത്ത സ്‌കോറിലെത്താന്‍ സഹായിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിനായി ഫാഫ് ഡു പ്ലെസി അര്‍ധ സെഞ്ച്വറി നേടി. 27 പന്തില്‍ 50 റണ്‍സുമായാണ് വൈസ് ക്യാപ്റ്റന്‍ മടങ്ങിയത്. ജേക് ഫ്രേസര്‍ മക്ഗൂര്‍ക് (32 പന്തില്‍ 38), അഭിഷേക് പോരല്‍ (18 പന്തില്‍ 34) എന്നിവരുടെ ഇന്നിങ്‌സുകളും ടീമിന്റെ വിജയം വേഗത്തിലാക്കി.

അഞ്ച് വിക്കറ്റുകളുമായി തിളങ്ങിയ സ്റ്റാര്‍ക്കിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

ഇതോടെ ഒരു തകര്‍പ്പന്‍ ‘ഹാട്രിക്കും’ സ്റ്റാര്‍ക് സ്വന്തമാക്കി. സണ്‍റൈസേഴ്‌സിനെതിരെ അവസാനം കളിച്ച മൂന്ന് മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയാണ് സ്റ്റാര്‍ക് തിളങ്ങിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് സ്റ്റാര്‍ക് ഓറഞ്ച് ആര്‍മിക്കെതിരെ കളത്തിലിറങ്ങിയത്.

2024 മെയ് 21ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്ലേ-ഓഫ് മത്സരത്തിലാണ് സ്റ്റാര്‍ക് ഈ ഹാട്രിക്കിന് തുടക്കമിട്ടത്. കൊല്‍ക്കത്ത എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തില്‍ നാല് ഓവറില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്താണ് സ്റ്റാര്‍ക് മികച്ച പ്രകടനം കാഴ്ചവെച്ചത്.

ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഷഹബാസ് അഹമ്മദ് എന്നിവരുടെ വിക്കറ്റുകളാണ് സ്റ്റാര്‍ക് അന്ന് വീഴ്ത്തിയത്. ഈ വിജയത്തോടെ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുക്കാനും നൈറ്റ് റൈഡേഴ്‌സിനായി.

രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സും കലാശപ്പോരാട്ടത്തിനെത്തി. എന്നാല്‍ ഇത്തവണയും സ്റ്റാര്‍ക് വില്ലനായി.

സണ്‍റൈസേഴ്‌സ് 113 റണ്‍സിന് പുറത്തായ മത്സരത്തില്‍ മൂന്ന് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഓസീസ് സൂപ്പര്‍ പേസര്‍ സ്വന്തമാക്കിയത്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി എന്നിവരായിരുന്നു താരത്തിന്റെ ഇരകള്‍.

57 പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത കപ്പുയര്‍ത്തിയതോടെ സ്റ്റാര്‍ക് ഫൈനലിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

ഇതിന് ശേഷം പുതിയ ടീമിനൊപ്പമാണ് സ്റ്റാര്‍ക് സണ്‍റൈസേഴ്‌സിനെ നേരിടാനെത്തിയത്. എന്നാല്‍ ഇത്തവണയും സ്റ്റാര്‍ക് ഷോയില്‍ ഐ.പി.എല്ലിലെ ഏറ്റവും ശക്തമായ ബാറ്റിങ് യൂണിറ്റ് തകര്‍ന്നടിയുകയായിരുന്നു.

Content Highlight: IPL 2025: DC vs SRH: Mitchell Starc won Player Of The Match award in last 3 matches against Sunrisers