ഐ.പി.എല്‍ ചരിത്രത്തില്‍ ആയിരം ബൗണ്ടറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവുമായി സൂപ്പര്‍ താരം വിരാട് കോഹ്‌ലി. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.
രണ്ട് സിക്‌സറും ഒരു ഫോറുമായി മൂന്ന് ബൗണ്ടറികളാണ് വിരാട് ദല്‍ഹിക്കെതിരെ നേടിയത്. ഇതോടെയാണ് ഐ.പി.എല്‍ ചരിത്രത്തില്‍ വിരാട് കോഹ്‌ലിയുടെ ബൗണ്ടറികളുടെ എണ്ണം ആയിരമായി ഉയര്‍ന്നത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും ഇതോടെ മുന്‍ ആര്‍.സി.ബി നായകന്റെ പേരില്‍ കുറിക്കപ്പെട്ടു.
തന്റെ കരിയറിലെ 249ാം ഇന്നിങ്‌സിലാണ് വിരാട് ഈ നേട്ടത്തിലെത്തിയത്. ഐ.പി.എല്‍ കരിയറില്‍ 721 ഫോറുകളും 280 സിക്‌സറുകളുമാണ് വിരാട് അടിച്ചെടുത്തത്.
(താരം – ബൗണ്ടറി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 1001*
ശിഖര്‍ ധവാന്‍ – 920
ഡേവിഡ് വാര്‍ണര്‍ – 899
രോഹിത് ശര്‍മ – 855
അതേസമയം, ദല്‍ഹിക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിറങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് വിരാടും ഫില്‍ സാള്‍ട്ടും ആര്‍.സി.ബി ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.
നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഹോം ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. വിരാടും സാള്‍ട്ടും തമ്മിലുള്ള മിക്ന്സ് അപ്പിന് പിന്നാലെ റണ്‍ ഔട്ടായി ഇംഗ്ലീഷ് താരം മടങ്ങുകയായിരുന്നു. 17 പന്തില്‍ 37 റണ്‍സുമായാണ് താരം തിരിച്ചു നടന്നത്. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 217.65 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലിനെയും പവര്‍പ്ലേ അവസാനിക്കും മുമ്പ് ബെംഗളൂരുവിന് നഷ്ടമായി. എട്ട് പന്ത് നേരിട്ട് ഒരു റണ്ണാണ് താരം നേടിയത്.
അധികം വൈകാതെ വിരാട് കോഹ്‌ലിയുടെയും (14 പന്തില്‍ 24) ലിയാം ലിവിങ്സ്റ്റണിന്റെയും (ആറ് പന്തില്‍ നാല്) ജിതേഷ് ശര്‍മയുടെയും (11 പന്തില്‍ മൂന്ന്) വിക്കറ്റുകള്‍ ടീമിന് നഷ്ടമായി.
നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 എന്ന നിലയിലാണ് ആര്‍.സി.ബി. 20 പന്തില്‍ 24 റണ്‍സുമായി ക്യാപ്റ്റന്‍ രജത് പാടിദാറും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയുമാണ് ക്രീസില്‍.
Content Highlight: IPL 2025: DC vs RCB: Virat Kohli becomes the first player to complete 1000 boundaries in IPL