|

സെഞ്ച്വറിയടിച്ചില്ലെങ്കിലെന്താ, അതുക്കും മേലെയല്ലേ... തൊണ്ണൂറുകളില്‍ മുട്ടുവിറയ്ക്കാതെ ഇത് നാലാം തവണ

സ്പോര്‍ട്സ് ഡെസ്‌ക്

കെ.എല്‍. രാഹുലിന്റെ വെടിക്കെട്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂവിനെതിരെ ആറ് വിക്കറ്റിന്റെ വിജയവുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ് അപരാജിത കുതിപ്പ് തുടരുകയാണ്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ വിജയത്തിന് പിന്നാലെ കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ച് രണ്ടാം സ്ഥാനത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ്.

തങ്ങളുടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് സീസണിലെ നാല് മത്സരങ്ങളിലും ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കുന്നത്.

53 പന്തില്‍ പുറത്താകാതെ 93 റണ്‍സാണ് രാഹുല്‍ നേടിയത്. ഏഴ് ഫോറും ആറ് സിക്‌സറും അടക്കം 175.47 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. ഒരുവേള 28 പന്തില്‍ 29 റണ്‍സ് എന്ന നിലയില്‍ നിന്നുമാണ് രാഹുല്‍ ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റിയത്.

സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു റെക്കോഡ് രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ തൊണ്ണൂറുകളില്‍ പുറത്താകാതെ നിന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ഇത് നാലാം തവണയാണ് രാഹുല്‍ ഒരു മത്സരത്തില്‍ 90+ സ്‌കോറില്‍ അണ്‍ബീറ്റണായി തുടരുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം അണ്‍ബീറ്റണ്‍ 90+ സ്‌കോര്‍ നേടിയ താരങ്ങള്‍

കെ.എല്‍. രാഹുല്‍ – നാല് തവണ (95*, 91*, 98*, 93*)

ശിഖര്‍ ധവാന്‍ – നാല് തവണ (95*, 92*, 97*, 99*)

വിരാട് കോഹ് ലി – മൂന്ന് തവണ (93*, 92*, 90*)

ഡേവിഡ് വാര്‍ണര്‍ (90*, 93*, 92*)

സ്റ്റാറ്റ്‌സ്: ഷെബാസ്

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിറങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് വിരാടും ഫില്‍ സാള്‍ട്ടും ആര്‍.സി.ബി ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഹോം ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. വിരാടും സാള്‍ട്ടും തമ്മിലുള്ള മിസ്‌കമ്മ്യൂണിക്കേഷന് പിന്നാലെ റണ്‍ ഔട്ടായി ഇംഗ്ലീഷ് താരം മടങ്ങുകയായിരുന്നു. 17 പന്തില്‍ 37 റണ്‍സുമായാണ് താരം തിരിച്ചു നടന്നത്. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 217.65 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കല്‍ പാടെ നിരാശനാക്കി. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തിയ വിരാട് കോഹ്‌ലിയുടെ വിക്കറ്റും അധികം വൈകാതെ ടീമിന് നഷ്ടപ്പെട്ടു. 14 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.

ലിയാം ലിവിങ്സ്റ്റണ്‍ ആറ് പന്തില്‍ നാല് റണ്‍സും വിശ്വസ്തനായ ജിതേഷ് ശര്‍മ 11 പന്തില്‍ മൂന്ന് റണ്‍സും നേടി തിരിച്ചുനടന്നു.

ക്യാപ്റ്റന്‍ പ്രകടനത്തില്‍ വിശ്വാസമര്‍പ്പിച്ച ആരാധകര്‍ക്ക് അധികം ആശ്വസിക്കാനുള്ള വക കുല്‍ദീപ് യാദവ് നല്‍കിയില്ല. കെ.എല്‍. രാഹുലിന്റെ കൈകളിലൊതുങ്ങി തിരികെ നടക്കുമ്പോള്‍ 23 പന്തില്‍ 25 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

ഹോം ടീമിന്റെ അവസാന പ്രതീക്ഷയായ ടിം ഡേവിഡിന്റെ ചെറുത്തുനില്‍പ്പ് ബെംഗളൂരുവിനെ 150 കടത്തി. അവസാന ഓവറില്‍ മുകേഷ് കുമാറിനെതിരെ നേടിയ രണ്ട് സിക്‌സറുകളടക്കം 20 പന്തില്‍ 37 റണ്‍സാണ് ടിം ഡേവിഡ് സ്വന്തമാക്കിയത്.

ക്യാപ്പിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഇരുവരും നാല് ഓവര്‍ വീതമെറിഞ്ഞ് യഥാക്രമം 17ഉം 18ഉം റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റുകള്‍ നേടിയത്. മോഹിത് ശര്‍മയും മുകേഷ് കുമാറുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ക്യാപ്പിറ്റല്‍സിന് തുടക്കം പാളിയിരുന്നു. ടീമിന്റെ ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളും ഒറ്റയക്കത്തിനാണ് മടങ്ങിയത്.

ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസി ഏഴ് പന്തില്‍ രണ്ടും ജേക് ഫ്രേസര്‍ മക്ഗൂര്‍ക് ആറ് പന്തില്‍ ഏഴ് റണ്‍സും നേടി പുറത്തായി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി ഒരു ഇംപാക്ടും ഉണ്ടാക്കാതെ അഭിഷേക് പോരല്‍ ഏഴ് റണ്‍സുമെടുത്ത് മടങ്ങി.

നാലാം നമ്പറില്‍ ക്രീസിലെത്തിയ കെ.എല്‍. രാഹുല്‍ ക്യാപ്റ്റനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ അക്‌സറിനെ മടക്കി സുയാഷ് ശര്‍മ റോയല്‍ ചലഞ്ചേഴ്‌സിന് അടുത്ത ബ്രേക് ത്രൂവും നല്‍കി. 11 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനൊപ്പം കെ.എല്‍. രാഹുല്‍ ക്യാപ്പിറ്റല്‍സിനെ സമ്മര്‍ദത്തില്‍ നിന്നും കരകയറ്റി. അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ക്യാപ്പിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

8ാം ഓവറിലെ അഞ്ചാം പന്തില്‍ വിജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെ സിക്‌സര്‍ പറത്തി രാഹുല്‍ ക്യാപ്പിറ്റല്‍സിന് വിജയം സമ്മാനിക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ക്യാപ്പിറ്റല്‍സിനായി.

റോയല്‍ ചലഞ്ചേഴ്‌സിനായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സുയാഷ് ശര്‍മ, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: IPL 2025: DC vs RCB: KL Rahul tops the list of most unbeaten 90s in IPL

Latest Stories

Video Stories