ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപിറ്റല്‍സ്. തുടര്‍ച്ചയായ നാലാം വിജയത്തോടെ സീസണില്‍ അപരാജിതരായി കുതിക്കുകയാണ് അക്സറും കൂട്ടരും. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 13 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചെടക്കുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയ സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയത്.
കെ.എല്‍ രാഹുല്‍ 53 പന്തില്‍ പുറത്താകാതെ 93 റണ്‍സാണ് നേടിയത്. ആറ് സിക്‌സും ഏഴ് ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സ്റ്റബ്സ് 23 പന്തില്‍ 38 റണ്‍സും സ്വന്തമാക്കി.
ഇപ്പോള്‍ ദല്‍ഹിയുടെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായിരുന്നു ഇതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അക്സര്‍ പട്ടേല്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും സേവാഗ് പറഞ്ഞു.
‘ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയില്‍ അക്സര്‍ പട്ടേല്‍ മികച്ച പ്രകടനമാണ് നടത്തിയത്. ബൗളര്‍മാരെ പൂര്‍ണതയിലേക്ക് നയിച്ചു,’ സേവാഗ് പറഞ്ഞു.
മത്സരത്തില്‍ എക്കോണമിക്കലായി പന്തെറിഞ്ഞ കുല്‍ദീപ് യാദവിനെയും വിപ്രജ് നിഗത്തെയും കുറിച്ചും സേവാഗ് സംസാരിച്ചു. അവരിരുവരും ചേര്‍ന്ന് 23 ഡോട്ട് ബോളുകള്‍ എറിഞ്ഞാണ് കളി മാറ്റിമറിച്ചതെന്നും മികച്ച തയ്യാറെടുപ്പുകളോടെയാണ് ക്യാപിറ്റല്‍സ് മത്സരത്തിനെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കുല്‍ദീപ് യാദവും വിപ്രജ് നിഗവും കളി മാറ്റിമറിച്ചത്. അവരിരുവരും 23 ഡോട്ട് പന്തുകളാണ് എറിഞ്ഞത്. മികച്ച തയ്യാറെടുപ്പുകളോടെയാണ് ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിറങ്ങിയത്.
ബാറ്റര്‍മാര്‍ക്കെതിരെ എവിടെ പന്തെറിയണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അക്സര്‍ പട്ടേലിന്റെ സ്പെല്‍ ചെലവേറിയതായിരുന്നെങ്കിലും അവന്‍ ടീമിനെ നന്നായി നയിച്ചു,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.
ക്യാപ്പിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഇരുവരും നാല് ഓവര്‍ വീതമെറിഞ്ഞ് യഥാക്രമം 17ഉം 18ഉം റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റുകള്‍ നേടിയത്. മോഹിത് ശര്‍മയും മുകേഷ് കുമാറുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
പുതിയ നായകനായ അക്‌സര്‍ പട്ടേലിന് കീഴില്‍ മികച്ച പ്രകടനമാണ് ദല്‍ഹി ക്യാപിറ്റല്‍സ് പുറത്തെടുക്കുന്നത്. സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ നാലും വിജയിച്ച് അപരാജിതരായി തുടരുകയാണ് ക്യാപിറ്റല്‍സ്. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലും വഴങ്ങാത്ത ഏക ടീമും ദല്‍ഹിയാണ്.
നിലവില്‍ ടീം എട്ട് പോയിന്റുമായി പോയിന്റ് ടേബിളില്‍ രണ്ടാമതാണ്. അഞ്ച് മത്സരങ്ങളില്‍ നാല് വിജയമുള്ള ഗുജറാത്ത് ടൈറ്റസാണ് ഒന്നാമത്.
Content Highlight: IPL 2025: DC vs RCB: Former Indian Cricketer Virender Sehwag Talks About Delhi Capitals Win Against Royal Challengers Bengaluru