|

അശുതോഷ് ശര്‍മയല്ല, ദല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത് മറ്റൊരു താരം; പ്രസ്താവനയുമായി കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ച് ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ദല്‍ഹി ക്യാപിറ്റല്‍സ്. ഒരു വിക്കറ്റിന്റെ ജയമാണ് ദല്‍ഹി നേടിയത്. മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ക്യാപിറ്റല്‍സിന്റെ വിജയം. ഇംപാക്ട് പ്ലെയറായിയെത്തിയ യുവതാരം അശുതോഷ് ശര്‍മയുടെ അര്‍ധ സെഞ്ച്വറി മികവിലാണ് ദല്‍ഹി വിജയം കരസ്ഥമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത ഓവറില്‍ 209 റണ്‍സെടുത്തിരുന്നു. വിശാഖപ്പട്ടണത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷിന്റെയും നിക്കോളാസ് പൂരന്റെയും പ്രകടനങ്ങളാണ് ലഖ്നൗവിന് തുണയായത്.

ലഖ്നൗ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ഏഴാം നമ്പറില്‍ ഇറങ്ങി 31 പന്തില്‍ 66 റണ്‍സെടുത്ത അശുതോഷ് ശര്‍മയാണ് ഒരിക്കല്‍ കൈവിട്ടുവെന്ന് കരുതിയ മത്സരം തിരിച്ചു പിടിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ക്രീസില്‍ പിടിച്ച് നിന്ന് പതറാതെ ബാറ്റ് ചെയ്താണ് താരം ദല്‍ഹിയെ ജയിപ്പിച്ചത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയതും അശുതോഷാണ്.

ഇപ്പോള്‍, ദല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയത്തില്‍ ഹീറോയായി മറ്റൊരു താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് കൈഫ് മത്സരത്തില്‍ നിര്‍ണായകമായി കരുതുന്നത്.

മത്സരത്തില്‍ കുല്‍ദീപ് യാദവാണ് വലിയ വ്യത്യാസം കൊണ്ടുവന്നതെന്നും 400ല്‍ കൂടുതല്‍ റണ്‍സെടുത്ത മത്സരത്തില്‍ താരം 15 ഡോട്ട് ബോളുകള്‍ എറിഞ്ഞുവെന്ന് കൈഫ് പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ കുല്‍ദീപിനെ പൂര്‍ണതയിലേക്ക് കൊണ്ടുവന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുല്‍ദീപ് യാദവായിരുന്നു മത്സരത്തില്‍ വലിയ വ്യത്യാസം കൊണ്ടുവന്നത്. 400ല്‍ കൂടുതല്‍ റണ്‍സ് നേടിയ ഒരു മത്സരത്തില്‍ അദ്ദേഹം 15 ഡോട്ട് ബോളുകള്‍ എറിഞ്ഞു. ഏറ്റവും എക്കോണമിക്കായി കളിച്ച ബൗളറായിരുന്നു കുല്‍ദീപ്. രണ്ട് വിക്കറ്റുകളും വീഴ്ത്തി.

കുല്‍ദീപ് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ അദ്ദേഹത്തെ പൂര്‍ണതയിലേക്ക് കൊണ്ടുവന്നതായി എനിക്ക് തോന്നുന്നു. ഐ.പി.എല്ലിലേക്ക് അദ്ദേഹം എത്തിയത് കുറച്ച് ഫോമോടെയാണ്,’ കൈഫ് പറഞ്ഞു.

ദല്‍ഹിയുടെ ആദ്യ മത്സരത്തില്‍ 5.00 എക്കോണമിയിലാണ് കുല്‍ദീപ് യാദവ് പന്തെറിഞ്ഞത്. ലഖ്നൗ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും യുവതാരം ആയുഷ് ബദോനിയുടെയും വിക്കറ്റുകളാണ് താരം നേടിയത്.

Content Highlight: IPL 2025: DC vs LSG: Mohammed Kaif Select Hero Of The Match; Not Ashutosh Sharma

Latest Stories

Video Stories