ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന് ജയം. വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ വിജയമാണ് ദല്‍ഹി സ്വന്തമാക്കിയത്.
ഏഴ് റണ്‍സിന് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെടുകയും സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തുകയും ചെയ്ത മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് ഒരു വേള തോല്‍വി മുമ്പില്‍ കണ്ടിരുന്നു. എന്നാല്‍ അശുതോശ് ശര്‍മയുടെ അപരാജിത പ്രകടനമാണ് ഹോം ടീമിന് ജയം സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഏയ്ഡന്‍ മര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 13 പന്തില്‍ 15 റണ്‍സ് നേടിയ മര്‍ക്രമിനെ പുറത്താക്കി വിപ്രജ് നിഗമാണ് കൂട്ടുകെട്ട് പൊളിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
വണ്‍ ഡൗണായി വെടിക്കെട്ട് വീരന്‍ നിക്കോളാസ് പൂരനാണ് ക്രീസിലെത്തിയത്. ആദ്യ മിനിട്ട് മുതല്‍ക്കുതന്നെ എതിരാളികള്‍ക്ക് മേല്‍ കാട്ടുതീയായ്പ്പടര്‍ന്ന് പൂരന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി. ഒരു വശത്ത് നിന്ന് മാര്‍ഷ് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് പൂരന്റെ താണ്ഡവത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
രണ്ടാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 132ല്‍ നില്‍ക്കവെ മാര്‍ഷിനെ ടീമിന് നഷ്ടമായി. 36 പന്തില്‍ 200.00 സ്‌ട്രൈക്ക് റേറ്റില്‍ 72 റണ്‍സാണ് താരം സ്വന്തമാക്കിയത്.
മാര്‍ഷിന് ശേഷം ക്യാപ്റ്റന്‍ റിഷബ് പന്താണ് ക്രീസിലെത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയ്ക്ക് ലഖ്നൗ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ആദ്യ മത്സരം എന്ന നിലയില്‍ ആരാധകരും വലിയ പ്രതീക്ഷയാണ് താരത്തില്‍ വെച്ചുപുലര്‍ത്തിയത്. എന്നാല്‍ ആരാധകരെ പാടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ആറ് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് പന്തിന്റെ മടക്കം. കുല്‍ദീപ് യാദവിന്റെ പന്തില്‍ ദല്‍ഹി വൈസ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്തിന്റെ മടക്കം.
പന്ത് പുറത്തായി അധികം വൈകാതെ നിക്കോളാസ് പൂരനും മടങ്ങി. 30 പന്തില്‍ 75 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ആകാശം തൊട്ട ഏഴ് സിക്സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
19 പന്തില്‍ 27 റണ്‍സുമായി ഡേവിഡ് മില്ലറാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്ററായത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ലഖ്നൗ നേടിയത്.
ക്യാപ്പിറ്റല്‍സിനായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുകേഷ് കുമാറും വിപ്രജ് നിഗവും ഓരോ വിക്കറ്റ് വീതവും നേടി.
ലഖ്നൗ ഉയര്‍ത്തിയ 210 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് തുടക്കം പാളിയിരുന്നു. വെറും ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഹോം ടീമിന് നഷ്ടമായത്. ജേക് ഫ്രേസര്‍ മക്ഗൂര്‍ക് (രണ്ട് പന്തില്‍ ഒന്ന്), അഭിഷേക് പോരല്‍ (രണ്ട് പന്തില്‍ പൂജ്യം), സമീര്‍ റിസ്വി (നാല് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
നാലാം ഓവറില്‍ ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും വൈസ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമത്തിനും സൂപ്പര്‍ ജയന്റ്സ് അധികം ആയുസ് നല്‍കിയില്ല.
ടീം സ്‌കോര്‍ 50ല്‍ നില്‍ക്കവെ ക്യാപ്റ്റനെ മടക്കി ദിഗ്വേഷ് സിങ് സൂപ്പര്‍ ജയന്റ്സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 11 പന്തില്‍ 22 റണ്‍സ് നേടി നില്‍ക്കവെയാണ് അക്സര്‍ പട്ടേല്‍ പുറത്തായത്.
പിന്നാലെയെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ഒപ്പം കൂട്ടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവെ ഫാഫും പുറത്തായി. 18 പന്തില്‍ 29 റണ്‍സുമായി നില്‍ക്കവെ രവി ബിഷ്‌ണോയിയുടെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെയെത്തിയ അശുതോഷ് ശര്‍മ സ്റ്റബ്‌സിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ നൂറ് കടത്തി. മികച്ച രീതിയില്‍ തുടര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് ഇംപാക്ട് പ്ലെയറായെത്തിയ എം. സിദ്ധാര്‍ത്ഥ് തകര്‍ത്തു. 22 പന്തില്‍ 34 റണ്‍സടിച്ച സ്റ്റബ്‌സിനെ ബൗള്‍ഡാക്കിയാണ് താരം പുറത്താക്കിയത്.
എട്ടാം നമ്പറിലെത്തിയ വിപ്രജ് നിഗം ടോപ് ഓര്‍ഡറിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തു. അശുതോഷ് ശര്‍മയെ ഒപ്പം കൂട്ടി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വിപ്രജ് നിഗം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടിരുന്നു.
ടീം സ്‌കോര്‍ 168ല്‍ നില്‍ക്കവെ വിപ്രജിനെയും ടീമിന് നഷ്ടമായി. ദിഗ്വേഷ് സിങ്ങിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച താരത്തിന് പിഴയ്ക്കുകയും സിദ്ധാര്‍ത്ഥിന്റെ കൈകളിലൊതുങ്ങുകയുമായിരുന്നു. 15 പന്തില്‍ വിലപ്പെട്ട 39 റണ്‍സുമായാണ് താരം മടങ്ങിയത്.
ആരാധകര്‍ക്ക് പ്രതീക്ഷകള്‍ കൈവിട്ടുതുടങ്ങിയെങ്കിലും അശുതോഷ് ശര്‍മ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കൂടുതല്‍ പന്തുകള്‍ നേരിട്ട് സിക്‌സറും ഫോറുമായി ഇംപാക്ട് പ്ലെയര്‍ തന്റെ ഇംപാക്ട് വ്യക്തമാക്കി.
ക്രീസില്‍ ഉറച്ചുനിന്ന താരം ക്യാപ്പിറ്റല്‍സിനെ വിജയത്തിലേക്കും നയിച്ചു.
അതി നാടകീയതകള്‍ നിറഞ്ഞ അവസാന രണ്ട് ഓവറുകളില്‍ മത്സരം ആര്‍ക്കും ജയിക്കാം എന്ന സ്ഥിതിയിലായിരുന്നു.
അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കെ ആറ് റണ്‍സാണ് ക്യാപ്പിറ്റല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ മോഹിത് ശര്‍മ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയെന്ന് പ്രതീക്ഷിച്ചെങ്കിലും അമ്പയറും ഡി.ആര്‍.എസും ലഖ്‌നൗവിന് എതിരായി വിധിയെഴുതി.
രണ്ടാം പന്തില്‍ സിംഗിള്‍ നേടിയ മോഹിത് അശുതോഷിന് സ്‌ട്രൈക്ക് നല്‍കുകയും താരം സിക്‌സറടിച്ച് ജയം സ്വന്തമാക്കുകയുമായിരുന്നു.
31 പന്തില്‍ പുറത്താകാതെ 66 റണ്‍സാണ് അശുതോഷ് നേടിയത്. അഞ്ച് ഫോറും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ലഖ്‌നൗവിനായി ദിഗ്വേഷ് സിങ്, ഷര്‍ദുല്‍ താക്കൂര്‍, എം. സിദ്ധാര്‍ത്ഥ്, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
Content Highlight: IPL 2025: DC vs LSG: Delhi Capitals defeated Lucknow Super Giants