തുടര്‍ച്ചയായ വിജയം ലക്ഷ്യമിട്ടാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് സീസണിലെ മൂന്നാം മത്സരത്തിന് കളത്തിലിറങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ക്യാപ്പിറ്റല്‍സ് കളത്തിലിറങ്ങിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കാണ് വേദി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.
51 പന്തില്‍ 71 റണ്‍സുമായാണ് രാഹുല്‍ പുറത്തായത്. മൂന്ന് സിക്‌സറും ആറ് ഫോറും ഉള്‍പ്പടെ 150.98 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
20 പന്തില്‍ 33 റണ്‍സടിച്ച അഭിഷേക് പോരലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (12 പന്തില്‍ പുറത്താകാതെ 24), അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 21), സമീര്‍ റിസ്വി (15 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു മികച്ച നേട്ടത്തിലേക്കാണ് രാഹുല്‍ കാലെടുത്ത് വെച്ചത്. ഐ.പി.എല്ലില്‍ ഓപ്പണറുടെ റോളില്‍ കളത്തിലിറങ്ങിയ ഏറ്റവുമധികം അര്‍ധ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് രാഹുല്‍ തിളങ്ങിയത്.
ഇത് 40ാം തവണയാണ് രാഹുല്‍ ഓപ്പണറായി ഐ.പി.എല്ലില്‍ ഫിഫ്റ്റിയടിക്കുന്നത്. 40 ഫിഫ്റ്റി നേടിയ വിരാടിനൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് രഹുല്‍.
ഡേവിഡ് വാര്‍ണര്‍ – 69
ശിഖര്‍ ധവാന്‍ – 49
കെ.എല്‍. രാഹുല്‍ – 40*
വിരാട് കോഹ്‌ലി – 40
നേരിട്ട 33ാം പന്തിലാണ് രാഹുല്‍ ചെന്നൈയ്‌ക്കെതിരെ ഫിഫ്റ്റിയടിച്ചത്. 2020ന് ശേഷം രാഹുല്‍ നേടിയ വേഗമേറിയ ആറ് അര്‍ധ സെഞ്ച്വറികളില്‍ മൂന്നും സൂപ്പര്‍ കിങ്‌സിനെതിരെയാണ്.
(അര്‍ധ സെഞ്ച്വറിയടിക്കാന്‍ നേരിട്ട പന്തുകള്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
25 പന്തുകള്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ദുബായ് – 2021
30 പന്തുകള്‍ – രാജസ്ഥാന്‍ റോയല്‍സ് – മുംബൈ – 2021
31 പന്തുകള്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ലഖ്‌നൗ – 2024
31 പന്തുകള്‍ – രാജസ്ഥാന്‍ റോയല്‍സ് – ലഖ്‌നൗ – 2024
33 പന്തുകള്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ചെന്നൈ – 2025*
33 പന്തുകള്‍ – മുംബൈ ഇന്ത്യന്‍സ് – മുംബൈ – 2022
മത്സരത്തില്‍ ചെന്നൈയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മതീശ പതിരാന, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പഞ്ചാബിനെ മറികടന്ന് ഒന്നാമതെത്താന്‍ ക്യാപ്പിറ്റല്‍സിന് സാധിക്കും. നിലവില്‍ എട്ടാം സ്ഥാനത്തുള്ള സൂപ്പര്‍ കിങ്‌സിനും പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും.
Content Highlight: IPL 2025: DC vs CSK: KL Rahul with several records