|

കളത്തിലിറങ്ങിയാല്‍ കിങ് ഈ റെക്കോഡ് തൂക്കും; ചെന്നൈക്കെതിരെ വേണ്ടത് വെറും അഞ്ച് റണ്‍സിന്റെ ദൂരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള സതേണ്‍ ഡെര്‍ബിയാണ് നടക്കാനിരിക്കുന്നത്. ചെന്നൈയുടെ തട്ടകമായ എം. എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.

എല്‍ ക്ലാസിക്കോയില്‍ ജയം സ്വന്തമാക്കിയാണ് സൂപ്പര്‍ കിങ്സ് ബെംഗളുരുവിനെതിരെ സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിനാണ് സി.എസ്.കെ പരാജയപ്പെടുത്തിയത്.

അതേസമയം, സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് റോയല്‍ ചലഞ്ചേഴ്സ് തകര്‍ത്തത്.

ചെന്നൈക്കെതിരെ ചെപ്പോക്കിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. മത്സരത്തില്‍ അഞ്ച് റണ്‍സ് നേടാനായാല്‍ സി.എസ്.കെക്കെതിരെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ വിരാടിന് സാധിക്കും. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.

നിലവില്‍ ഐ.പി.എല്ലില്‍ 33 മത്സരങ്ങളില്‍ നിന്ന് ചെന്നൈക്കെതിരെ 1053 റണ്‍സ് നേടിയിട്ടുണ്ട്. 126.25 സ്‌ട്രൈക്ക് റേറ്റിലും 37.60 ശരാശരിലുമാണ് മുപ്പത്തിയാറുകാരനായ താരം ഇത്രയും റണ്‍സുകള്‍ അടിച്ചെടുത്തത്. 2020ല്‍ 52 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 90 റണ്‍സാണ് ചെന്നൈക്കെതിരെയുള്ള താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. സൂപ്പര്‍ കിങ്‌സിനെതിരെ ഒമ്പത് അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.

ഐ.പി.എല്‍ ആദ്യ സീസണ്‍ തൊട്ട് ബെംഗളൂരു താരമായ വിരാട് 18 സീസണുകളില്‍ നിന്നായി 8063 റണ്‍സെടുത്തിട്ടുണ്ട്. എട്ട് സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും അതില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ ഈ സീസണില്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അര്‍ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തിരുന്നു കോഹ്ലി. മത്സരത്തില്‍ 36 പന്തില്‍ പുറത്താവാതെ താരം 59 റണ്‍സെടുത്തിരുന്നു. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിങ്സ്.

കഴിഞ്ഞ സീസണിലും വിരാട് മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 154.70 സ്‌ട്രൈക്ക് റേറ്റിലും 61.75 ശരാശരിയിലും 741 റണ്‍സെടുത്ത് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു.

Content Highlight: IPL 2025: CSK vs RCB: Virat Kohli Needs Just Five Runs Against CSK To Bag This Record

Latest Stories