ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രണ്ടാം മത്സരത്തിനൊരുങ്ങുന്നത്. മാര്‍ച്ച് 28ന് സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക്കില്‍ നടക്കുന്ന സതേണ്‍ ഡെര്‍ബിയിലാണ് ഇരു ടീമുകളും തങ്ങളുടെ രണ്ടാം മത്സരം കളിക്കുക.
രണ്ടാം മത്സരത്തിനിറങ്ങുന്നതിന് മുമ്പായി റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഭുവി ഉടന്‍ തന്നെ പൂര്‍ണ ആരോഗ്യവാനായി കളക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് ടീം അറിയിക്കുന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ടീം ഭുവിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
ഐ.പി.എല്ലിന്റെ ഓപ്പണിങ് മാച്ചില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഭുവനേശ്വര്‍ കുമാര്‍ കളിച്ചിരുന്നില്ല. മത്സരത്തിന് മുമ്പ് താരത്തിന് ചെറിയ പരിക്കേറ്റിരുന്നു. പ്ലെയിങ് ഇലവന്‍ പുറത്തുവിട്ടപ്പോഴാണ് ടീം ഭുവനേശ്വറിന്റെ പരിക്കിനെ കുറിച്ച് ടീം വ്യക്തമാക്കിയത്.
താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നും ടീം അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 20 മത്സരത്തില്‍ നിന്നും 13 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. 39.64 ശരാശരിയിലാണ് സൂപ്പര്‍ കിങ്‌സിനെതിരെ താരം പന്തെറിയുന്നത്.
ചെന്നൈയ്‌ക്കെതിരെ വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും റണ്‍ വഴങ്ങുന്നതില്‍ താരം എല്ലായ്‌പ്പോഴും പിശുക്ക് കാണിച്ചിരുന്നു. 6.9 ആണ് സൂപ്പര്‍ കിങ്‌സിനെതിരെ ഭുവിയുടെ എക്കോണമി.
തങ്ങളുടെ കോട്ടയായ ചിദംബരം സ്‌റ്റേഡിയത്തില്‍ മികച്ച റെക്കോഡാണ് ഹോം ടീമിന് റോയല്‍ ചലഞ്ചേഴ്‌സിനുള്ളത്. ചെപ്പോക്കില്‍ ഇരുവരും ഇതുവരെ ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണയും വിജയം സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. 2008ലാണ് ബെംഗളൂരു ആദ്യമായി ചെപ്പോക്കില്‍ ജയിച്ചത്.
ചെപ്പോക്കില്‍ ചെന്നൈയെ തോല്‍പ്പിച്ച് ഐ.പി.എല്‍ 2025ല്‍ വിജയം തുടരാന്‍ തന്നെയാകും പാടിദാറും സംഘവും ഒരുങ്ങുന്നത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്ക്വാഡ്
രജത് പാടിദാര്‍, വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവദത്ത് പടിക്കല്‍, സ്വാസ്തിക് ചികാര, ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, സ്വപ്നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബേഥേല്‍, ജോഷ് ഹെയ്‌സല്‍വുഡ്, റാസിഖ് ദാര്‍, സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, ലുങ്കി എന്‍ഗിഡി, അഭിനന്ദന്‍ സിങ്, മോഹിത് രാഥി, യാഷ് ദയാല്‍.
ചെന്നൈ സൂപ്പര്‍ കിങ്സ് സ്ക്വാഡ്
ഋതുരാജ് ഗെയ്ക്വാദ്, എം.എസ്. ധോണി, ഡെവോണ്‍ കോണ്‍വേ, രാഹുല്‍ ത്രിപാഠി, ഷെയ്ക് റഷീദ്, വാന്‍ഷ് ബേദി, ആന്ദ്രേ സിദ്ധാര്‍ഥ്, രചിന്‍ രവീന്ദ്ര, രവിചന്ദ്രന്‍ അശ്വിന്‍, വിജയ് ശങ്കര്‍, സാം കറന്‍, അന്‍ഷുല്‍ കാംബോജ്, ദീപക് ഹൂഡ, ജാമി ഓവര്‍ട്ടണ്‍, കംലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മതീശ പതിരാന.
Content Highlight: IPL 2025: CSK vs RCB: Royal Challengers Bengaluru confirms that Bhuvaneshwar Kumar will return soon