ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ ജയം സ്വന്തമാക്കി പ്ലേ ബോള്‍ഡ് ആര്‍മി തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ചെന്നൈയുടെ സ്വന്തം തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് പാടിദാറും സംഘവും നേടിയത്.
റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സിന് നിശ്ചിത ഓവറില്‍ 146 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
സൂപ്പര്‍ കിങ്‌സിനെതിരായ വിജയത്തിന് പിന്നാലെ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുകയാണ്. ചെന്നൈ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് എന്ത് എന്ന ചോദ്യത്തിന് ‘വിന്‍ ഓണ്‍ലി വിന്‍’ (ജയം, ജയം മാത്രം) എന്നായിരുന്നു ക്യാപ്റ്റന്‍ പറഞ്ഞത്.
2008ന് ശേഷം ഒരിക്കല്‍പ്പോലും റോയല്‍ ചലഞ്ചേഴ്‌സിന് ചെപ്പോക്കില്‍ ചെന്നൈയെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്ന വസ്തുത നിലനില്‍ക്കവെയാണ് പുതിയ ക്യാപ്റ്റന്‍ മത്സരത്തിന് മുമ്പേ ഇക്കാര്യം പറഞ്ഞത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാകട്ടെ ‘ദോശ… ഇഡ്‌ലി… സാമ്പാര്‍… ചട്ണി ചട്ണി…’ എന്ന പാട്ട് പാടിയാണ് ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ജിതേഷിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ചെന്നൈയെ വംശീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചു എന്ന വിമര്‍ശനമാണ് റോയല്‍ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കെതിരെ ഉയര്‍ന്നത്.
സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ജിതേഷ് പുറത്തായതിന് പിന്നാലെ സ്റ്റേഡിയത്തിലെ ഡി.ജെ താരത്തെ ട്രോളിയിരുന്നു. ജിതേഷ് പുറത്തായി തിരിച്ചുനടക്കവെ ഈ പാട്ട് പ്ലേ ചെയ്തിരുന്നു. വലിയ കരഘോഷവും ആര്‍പ്പുവിളികളുമാണ് ഇതിന് പിന്നാലെ ചെപ്പോക്കില്‍ ഉയര്‍ന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോറിലെത്തിയത്. താരം 32 പന്തില്‍ 51 റണ്‍സുമായി തിളങ്ങി.
ഫില്‍ സാള്‍ട്ട് (16 പന്തില്‍ 32), വിരാട് കോഹ്‌ലി (30 പന്തില്‍ 31), ടിം ഡേവിഡ് (എട്ട് പന്തില്‍ 22) എന്നിവരുടെ ഇന്നിങ്സുകളും ബെംഗളൂരു നിരയില്‍ നിര്‍ണായകമായി.
ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് മൂന്നും മതീശ പതിരാന രണ്ട് വിക്കറ്റും സ്വന്തമാക്കി. ഖലീല്‍ അഹമ്മദും അശ്വിനും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പാളിയിരുന്നു. രാഹുല്‍ ത്രിപാഠി (മൂന്ന് പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (നാല് പന്തില്‍ പൂജ്യം), ദീപക് ഹൂഡ (ഒമ്പത് പന്തില്‍ നാല്), സാം കറന്‍ (13 പന്തില്‍ എട്ട്), എന്നിവരെ ഒമ്പത് ഓവറിനിടെ ടീമിന് നഷ്ടമായിരുന്നു.
ഒരുവശത്ത് നിന്ന് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് നിന്ന് രചിന്‍ രവീന്ദ്ര വിക്കറ്റ് നഷ്ടപ്പെടാതെ ബാറ്റ് വീശി. എന്നാല്‍ മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും തന്നെ സാധിച്ചില്ല.
13ാം ഓവറിലെ ആദ്യ പന്തില്‍ രചിനെ മടക്കി യാഷ് ദയാല്‍ ബ്രേക് ത്രൂ നേടി. 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. ബാറ്റിങ് ഓര്‍ഡറില്‍ വീണ്ടും ഡീമോട്ട് ചെയ്ത് ഒമ്പതാം നമ്പറിലിറങ്ങിയ ധോണി 16 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയെങ്കിലും സമയം അതിക്രമിച്ചിരുന്നു. 19 പന്തില്‍ 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ചെന്നൈ എട്ട് വിക്കറ്റിന് 146 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ആര്‍.സി.ബിക്കായി ജോഷ് ഹെയ്സല്‍വുഡ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ യാഷ് ദയാലും ലിയാം ലിവിങ്സ്റ്റണും രണ്ട് വിക്കറ്റ് വീതവും നേടി. മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ആര്‍.സി.ബിയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി.
ഏപ്രില്‍ രണ്ടിനാണ് റോയല്‍ ചലഞ്ചേഴ്സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: IPL 2025: CSK vs RCB: Rajat Patidar’s words are being discussed again after the win against Chennai Super Kings