തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം സ്‌റ്റേഡിയമായ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ പരാജയമാണ് ഗെയ്ക്വാദിന്റെ സൂപ്പര്‍ കിങ്‌സിന് നേരിടേണ്ടി വന്നത്.
റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സിന് നിശ്ചിത ഓവറില്‍ 146 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മുന്‍ നായകന്‍ എം.എസ്. ധോണിയുടെ വൈകിയെത്തിയ വെടിക്കെട്ടിനും സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജയ്ക്കും ആര്‍. അശ്വിനും ശേഷം ക്രീസിലെത്തി 16 പന്തില്‍ പുറത്താകാതെ 30 റണ്‍സാണ് ധോണി നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 187.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് സൂപ്പര്‍ കിങ്‌സിന്റെ തല റണ്‍സടിച്ചത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ധോണിയെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലേക്കാണ് ധോണി ചെന്നെത്തിയത്. മിസ്റ്റര്‍ ഐ.പി.എല്‍ സുരേഷ് റെയ്‌നയെ മറികടന്നുകൊണ്ടായിരുന്നു ധോണിയുടെ നേട്ടം.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 4699*
സുരേഷ് റെയ്‌ന – 4687
ഫാഫ് ഡു പ്ലെസി – 2721
ഋതുരാജ് ഗെയ്ക്വാദ് – 2433
എന്നാല്‍, ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ റെയ്‌നയെ മറികടക്കാന്‍ ധോണിക്ക് സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുറമെ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയും ബാറ്റെടുത്ത ആരാധകരുടെ ചിന്നത്തല 200 ഇന്നിങ്‌സില്‍ നിന്നും 5528 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയുമാണ് റെയ്‌നയുടെ പേരിലുള്ളത്.
അതേസമയം, ധോണിയാകട്ടെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പവും കളത്തിലിറങ്ങിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് നേരിട്ട വര്‍ഷങ്ങളിലാണ് ഇരുവരും മറ്റ് ടീമുകളില്‍ കളിച്ചത്.
ഈ രണ്ട് ടീമുകള്‍ക്കുമായി ധോണി 231 ഇന്നിങ്‌സില്‍ നിന്നും 5273 റണ്‍സാണ് നേടിയത്. 24 അര്‍ധ സെഞ്ച്വറികള്‍ അടങ്ങുന്നതാണ് എം.എസ്.ഡിയുടെ ഐ.പി.എല്‍ കരിയര്‍.
കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ്. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി രണ്ട് പോയിന്റാണ് ടീമിനുള്ളത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു ചെന്നൈയുടെ ജയം.
ഞായറാഴ്ചയാണ് സൂപ്പര്‍ കിങ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് ടീമിന് നേരിടാനുള്ളത്.
Content Highlight: IPL 2025: CSK vs RCB: MS Dhoni surpassed Suresh Raina in the record of most runs for Chennai Super Kings in IPL