|

ആയുഷ് പത്ത് പന്തില്‍ രണ്ടെണ്ണം, സൂപ്പര്‍ കിങ്‌സിലെ മറ്റെല്ലാവരും ചേര്‍ന്ന് 278 പന്തില്‍ മൂന്ന്; അരങ്ങേറ്റക്കാരന്‍ ഞെട്ടിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

മത്സരത്തില്‍ ടോസ് നേിടയ മുംബൈ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി.

രവീന്ദ്ര ജഡജേയുടെയും ശിവം ദുബെയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് സൂപ്പര്‍ കിങ്‌സ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. ജഡേജ 35 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ 32 പന്തില്‍ 50 റണ്‍സ് നേടിയാണ് ദുബെ പുറത്തായത്.

15 പന്തില്‍ 32 റണ്‍സടിച്ച ആയുഷ് മാഹ്‌ത്രെയുടെ പ്രകടനവും സൂപ്പര്‍ കിങ്‌സ് നിരയില്‍ നിര്‍ണായകമായി. നാല് ഫോറും രണ്ട് സിക്‌സറും അടക്കം 213.33 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയതത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെ അരങ്ങേറ്റം കുറിച്ച താരം ആരാധകരുടെ കയ്യടി നേടിയിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ രണ്ട് സിക്‌സറുകള്‍ക്ക് പിന്നാലെ ഈ സീസണില്‍ മറ്റൊരു നേട്ടവും മാഹ്‌ത്രെ നേടിയിരുന്നു. ഐ.പി.എല്‍ 2025ല്‍ പവര്‍പ്ലേയില്‍ സൂപ്പര്‍ കിങ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനെത്തെത്തിയരിക്കുകയാണ് മാഹ്‌ത്രെ.

ഓപ്പണര്‍ രചിന്‍ രവീന്ദ്ര പുറത്തായതിന് പിന്നാലെ വണ്‍ ഡൗണായി ക്രീസിലെത്തിയ താരം പവര്‍ പ്ലേയില്‍ പത്ത് പന്ത് നേരിട്ടാണ് രണ്ട് സിക്‌സറുകള്‍ സ്വന്തമാക്കിയത്. മറ്റെല്ലാ താരങ്ങളും ചേര്‍ന്ന് പവര്‍പര്‍പ്ലേയില്‍ നേരിട്ട 278 പന്തില്‍ നിന്നും വെറും മൂന്ന് തവണയാണ് സിക്‌സറടിച്ചത്.

അതേസമയം, ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നാല് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 38 റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ 23 റണ്‍സുമായി രോഹിത് ശര്‍മയും 12 പന്തില്‍ 12 റണ്‍സുമായി റിയാന്‍ റിക്കല്‍ടണുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

ഷെയ്ഖ് റഷീദ്, രചിന്‍ രവീന്ദ്ര, ആയുഷ് മാഹ്ത്രെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, വിജയ് ശങ്കര്‍, ജെയ്മി ഓവര്‍ട്ടണ്‍, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, അശ്വിനി കുമാര്‍.

Content Highlight: IPL 2025: CSK vs MI: Ayush Mhatre hits 2 sixes in powerplay