ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഏഴാം മത്സരത്തിന് ഇന്ന് ഇറങ്ങും. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. സീസണില്‍ മോശം ഫോമില്‍ തുടരുന്ന ചെന്നൈ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയാണ് ലഖ്നൗവിനെതിരെ എത്തുന്നത്.
സൂപ്പര്‍ കിങ്സ് തോല്‍വിയുടെ പരമ്പരകള്‍ അവസാനിപ്പിച്ച് വിജയ വഴിയില്‍ തിരിച്ചെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ ചെന്നൈ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ്. സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാത്രമാണ് ചെന്നൈക്ക് വിജയിക്കാനായത്.
ലഖ്നൗവിനെതിരെ ചെന്നൈയെ നയിക്കുന്നത് എം.എസ്. ധോണിയാണ്. കഴിഞ്ഞ കളിയിലും ധോണി തന്നെയായിരുന്നു നായകന്‍. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ധോണി വീണ്ടും നായകനായി എത്തിയത്. താരം നായകനായതോടെ ചെന്നൈ വിജയ വഴിയില്‍ തിരിച്ചെത്തുമെന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
ഇപ്പോള്‍ അതില്‍ പ്രതികരിച്ച് സംസാരിക്കുകയായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്. ധോണിയുടെ സ്വാധീനം എപ്പോഴും പ്രകടമായിരിക്കുമെന്നും പക്ഷേ അദ്ദേഹം ഒരു ജ്യോത്സനോ അദ്ദേഹത്തിന്റെ കൈവശം മാന്ത്രിക വടിയോ ഇല്ലായെന്നും ഫ്‌ലെമിങ് പറഞ്ഞു. മത്സരങ്ങള്‍ വിജയിക്കാന്‍ ധോണിക്കൊപ്പം ചേര്‍ന്ന് ടീം ഒന്നാകെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
‘ധോണിയുടെ സ്വാധീനം എപ്പോഴും പ്രകടമായിരിക്കും. പക്ഷേ അദ്ദേഹം ഒരു ജ്യോത്സനല്ല, അദ്ദേഹത്തിന്റെ കൈവശം മാന്ത്രിക വടിയുമില്ല. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹമത് ആദ്യം തന്നെ പ്രയോഗിച്ചേനെ.
സാഹചര്യങ്ങള്‍ അനുകൂലമാക്കാന്‍ ധോണിക്കൊപ്പം ചേര്‍ന്ന് ഞങ്ങളെല്ലാം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും വളരെയധികം ഊര്‍ജ്ജം ആവശ്യമുള്ള സാഹചര്യങ്ങളിലൂടെ ഞങ്ങള്‍ കടന്നുപോയിട്ടുണ്ട്, കൂടാതെ ഊര്‍ജ്ജം ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്,’ ഫ്‌ലെമിങ് പറഞ്ഞു.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിനെ കുറിച്ചും ഫ്‌ലെമിങ് സംസാരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരിയായ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിലാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നത് എന്ന് ചെന്നൈ പരിശീലകന്‍ പറഞ്ഞു.
‘പലപ്പോഴും നിങ്ങള്‍ പ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ മുഴുകിപ്പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരിയായ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്,’ ഫ്‌ലെമിങ് പറഞ്ഞു.
Content Highlight: IPL 2025: CSK vs LSG: Chennai Super Kings coach Stephen Fleming says that MS Dhoni is not a soothsayer nor he have magical wand