ഐ.പി.എല്ലില്‍ രണ്ടാം വിജയം തേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. തുടര്‍ച്ചയായ നാല് തോല്‍വികളില്‍ നിന്നും വിജയപാതയിലേക്കുള്ള തിരിച്ചുവരവിനാണ് സൂപ്പര്‍ കിങ്‌സ് ഒരുങ്ങുന്നത്.
സൂപ്പര്‍ താരം എം.എസ്. ധോണിയാണ് സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിന് പിന്നാലെയാണ് ധോണി ക്യാപ്റ്റന്റെ റോളിലെത്തിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായി മടങ്ങിയെത്തിയതോടെ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങളാണ് ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഇതിലൊന്ന് ഒരുപക്ഷേ കാലങ്ങളോളം തകരാതെ തുടരുകയും ചെയ്യും.
ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ അണ്‍ക്യാപ്ഡ് ക്യാപ്റ്റനെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിയെ അണ്‍ ക്യാപ്ഡ് താരമായാണ് ചെന്നൈ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്.
ഇതിന് പുറമെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന നേട്ടവും ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടു. സ്വന്തം പേരിലുള്ള റെക്കോഡാണ് (41 വയസും 325 ദിവസും) ധോണി തകര്‍ത്തത്.
(താരം – ടീം – എതിരാളികള്‍ – പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 43 വയസും 278 ദിവസവും* – 2025
ഷെയ്ന്‍ വോണ്‍ – രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് – 41 വയസും 249 ദിവസവും – 2011
ആദം ഗില്‍ക്രിസ്റ്റ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – മുംബൈ ഇന്ത്യന്‍സ് – 41 വയസും 185 ദിവസവും – 2013
2023 ഫൈനലിലാണ് ധോണി ഇതിന് മുമ്പ് അവസാനമായി ക്യാപ്റ്റന്റെ റോളിലെത്തിയത്.
അതേസമയം, കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 31 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഈ സീസണിലെ ഏറ്റവും മോശം രണ്ടാമത് പവര്‍പ്ലേ സ്‌കോറാണിത്. മോശം സ്‌കോറില്‍ ഒന്നാമതുള്ളതും ചെന്നൈ തന്നെയാണ്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയേറ്റിരുന്നു. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ രണ്ട് ഓപ്പണര്‍മാരെയും ടീമിന് നഷ്ടമായി. ഒമ്പത് പന്തില്‍ നാല് റണ്‍സുമായി രചിന്‍ രവീന്ദ്രയും 11 പന്തില്‍ 12 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും മടങ്ങി.
എട്ട് പന്തില്‍ 12 റണ്‍സുമായി വിജയ് ശങ്കറും എട്ട് പന്തില്‍ മൂന്ന് റണ്‍സുമായി രാഹുല്‍ ത്രിപാഠിയുമാണ് ക്രീസില്‍.
Content Highlight: IPL 2025: CSK vs KKR: MS Dhoni becomes the first ever uncapped captain in the history of IPL