|

കാത്തിരിപ്പ് നീളും; ബുംറയും ആകാശ് ദീപും എത്താന്‍ വൈകും: റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെയും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ ആകാശ് ദീപിന്റെയും ഐ.പി.എല്ലിലേക്കുള്ള തിരിച്ച് വരവ് വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പരിക്ക് കാരണം ഇരുവര്‍ക്കും ഐ.പി.എല്ലില്‍ ഈ സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇരുവരും ഇപ്പോള്‍ ബെംഗളൂരുവിലെ ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സല്ലന്‍സിന്റെ കീഴില്‍ പരിശീലനത്തിലാണ്.

ജനുവരിയില്‍ സിഡ്നിയില്‍ നടന്ന അവസാന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ടെസ്റ്റിലാണ് ബുംറക്ക് പരിക്കേറ്റത്. 2025ലെ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന് പുറം വേദന കാരണം നഷ്ടമായിരുന്നു.

ബുംറയുടെ പരിക്കുകള്‍ ഗുരുതരമാണെന്നും അദ്ദേഹത്തിന് സ്‌ട്രെസ് ഫ്രാക്ചര്‍ ഉണ്ടാകില്ലെന്ന് മെഡിക്കല്‍ ടീം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ പകുതിയോടെ കളിക്കളത്തിലേക്ക് താരം തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

‘ബുംറയുടെ പരിക്ക് കുറച്ചുകൂടി ഗുരുതരമാണ്. അദ്ദേഹത്തിന് സ്‌ട്രെസ് ഫ്രാക്ചര്‍ ഉണ്ടാകില്ലെന്ന് മെഡിക്കല്‍ ടീം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. ബുംറ തന്നെ ശ്രദ്ധാലുവാണ്. അദ്ദേഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പന്തെറിയുന്നുണ്ട്. പക്ഷേ പൂര്‍ണ്ണ സ്വിങ്ങിലേക്ക് മടങ്ങാന്‍ കൂടുതല്‍ സമയമെടുത്തേക്കാം. കൃത്യമായ സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല, പക്ഷേ ഏപ്രില്‍ പകുതിയോടെ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ഒരു വൃത്തത്തെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ആകാശ് ദീപിന് ഒരു ആഴ്ച കൂടി പുറത്തിരിക്കേണ്ടി വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകാശ് ദീപിനും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് പരിക്കേല്‍ക്കുന്നത്. ഇതോടെ താരം കളത്തില്‍ വിട്ടു നില്‍ക്കുകയായിരുന്നു.

Content Highlight: IPL 2025: Comeback Of Jasprit Bumrah And Akash Deep Will Delay: Reports