IPL 2025
"ധോണിയെ നിലനിര്‍ത്താനുള്ള ഓരോ കഷ്ടപ്പാടുകളേ...'' അണ്‍ക്യാപ്ഡ് പ്ലെയറായി പ്രഖ്യാപിക്കാന്‍ പഴയ നിയമം പൊടിതട്ടിയെടുക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd August 2024, 8:37 am

 

ഐ.പി.എല്‍ 2025ല്‍ എം.എസ്. ധോണിയെ നിലനിര്‍ത്താന്‍ ടൂര്‍ണമെന്റില്‍ മുമ്പുണ്ടായിരുന്ന നിയമത്തെ കൂട്ടുപിടിക്കാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്. താരത്തെ അണ്‍ക്യാപ്ഡ് പ്ലെയറായി ടീമിലെത്തിക്കാനാണ് സൂപ്പര്‍ കിങ്‌സ് ഒരുങ്ങുന്നത്.

ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ 2021 വരെ നിലനിന്നിരുന്ന നിയമത്തെയാണ് സൂപ്പര്‍ കിങ്‌സ് ഇതിന് വേണ്ടി കൂട്ടുപിടിക്കുന്നത്. അന്ത്രാരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വരിമിച്ച് അഞ്ചോ അതിലധികമോ വര്‍ഷം കഴിഞ്ഞവരെ അണ്‍ക്യാപ്ഡ് പ്ലെയറായി കണക്കാക്കുന്നതാണ് ഈ രീതി. എന്നാല്‍ മറ്റു ടീമുകളൊന്നും തന്നെ സൂപ്പര്‍ കിങ്‌സിന്റെ ഈ നീക്കത്തെ അനുകൂലിക്കാന്‍ സാധ്യതയില്ല.

2020 ഓഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എങ്കിലും അതിന് ശേഷം നടന്ന ഐ.പി.എല്‍ മെഗാ ലേലത്തില്‍ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ ആദ്യ താരങ്ങളില്‍ ഒരാള്‍ ധോണിയായിരുന്നു. 12 കോടി രൂപയാണ് സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഓക്ഷന്‍ പേഴ്‌സില്‍ നിന്നും ധോണിക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചത്.

ഐ.പി.എല്‍ 2025ന് മുമ്പും മെഗാ ലേലം നടക്കുന്നതിനാല്‍ ധോണിയെ അണ്‍ക്യാപ്ഡ് പ്ലെയറായി ടീമിനൊപ്പം ചേര്‍ക്കാനാണ് സൂപ്പര്‍ കിങ്‌സ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മറ്റ് ടീമുകള്‍ ഈ നീക്കത്തോട് മുഖം തിരിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഒരു താരത്തെ അണ്‍ക്യാപ്ഡ് പ്ലെയറായി നിലനിര്‍ത്തുന്നത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ അനാദരവായിരിക്കുമെന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമയായ കാവ്യ കലാനിധിമാരന്‍ പറഞ്ഞത്.

 

ലേലത്തില്‍ സ്വന്തമാക്കിയ ഒരു അണ്‍ക്യാപ്ഡ് താരത്തിന് വിരമിച്ച താരത്തെ അണ്‍ക്യാപ്ഡ് താരമായി നിലനിര്‍ത്തിയതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിരമിക്കല്‍ പ്രഖ്യാപിച്ച താരത്തെ ലേലത്തിന്റെ ഭാഗമാകാന്‍ അനുവദിക്കണമെന്നും കാവ്യ പറഞ്ഞു.

വിരമിച്ച താരത്തെ അണ്‍ ക്യാപ്ഡ് താരമായി നിലനിര്‍ത്തുന്നതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴികെയുള്ള ഒരു ടീമുകളും പിന്തുണയ്ക്കുന്നില്ലെന്നി മറ്റൊരു ടീമിന്റെ സി.ഇ.ഒയും വ്യക്തമാക്കി.

43കാരനായ ധോണി മറ്റൊരു ഐ.പി.എല്‍ കളിക്കുമോ എന്ന ചോദ്യം ഏറെ കാലമായി ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്നതാണ്. 2023ല്‍ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച ധോണി 2024 സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങിയിരുന്നു. ഋതുരാജ് ഗെയ്ക്വാദാണ് ശേഷം ചെന്നൈയുടെ ക്യാപ്റ്റനായത്. ഇത് ഐ.പി.എല്ലില്‍ നിന്നും ധോണിയുടെ പടിയിറക്കത്തിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 

Content Highlight: IPL 2025: Chennai Super Kings trying to retain MS Dhoni as uncapped player