|

ഫുട്‌ബോള്‍ ചരിത്രത്തില്‍ ആരും അങ്ങനെ ചെയ്തിട്ടില്ല, മെസിയേക്കാള്‍ മികച്ചതാണ് അവന്‍; സ്പാനിഷ് പരിശീലകന്‍ ബോര്‍ജ ജിമിനെസ്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുന്ന സ്പാനിഷ് മിന്നും യുവതാരമാണ് ലാമിന്‍ യമാല്‍. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് ലെഗാനസ് ക്ലബ്ബിന്റെ സ്പാനിഷ് പരിശീലകനായ ബോര്‍ജ ജിമിനെസ്.

കരിയറിലെ തുടക്ക കാലങ്ങളില്‍ യമാല്‍ ഇതിഹാസതാരം ലയണല്‍ മെസിയെക്കാള്‍ മികച്ചതാണെന്നാണ് ബോര്‍ജ ജിമിനെസ് അഭിപ്രായപ്പെട്ടത്. ബാഴ്സ യൂണിവേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെഗാനെസ് പരിശീലകന്‍.

‘ലാമിന്റെ ഫുട്‌ബോളിലെ തുടക്കം മെസിയെക്കാള്‍ മികച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആരും തന്നെ അങ്ങനെ ചെയ്തിട്ടുണ്ടാകില്ല.

എനിക്ക് ഈ ഡാറ്റകള്‍ ഒന്നും അറിയില്ല. പക്ഷെ ലാമിന്‍ മികച്ച താരമായി ഞാന്‍ കരുതുന്നു. ലോക ഫുട്‌ബോളിന്റെ ഭാവി സ്പാനിഷ് താരങ്ങളുടെ കാലുകളില്‍ ആയിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലാമിന്‍ അസാധാരണമായ ഒരു താരവുമാണ്,’ ബോര്‍ജ ജിമിനെസ് പറഞ്ഞു.

2023ല്‍ തന്റെ പതിനഞ്ചാം വയസിലായിരുന്നു ലാമിന്‍ യമാല്‍ കറ്റാലന്‍മാര്‍ക്ക് വേണ്ടി ബൂട്ട് കെട്ടിയത്. ബാഴ്സക്കായി ഇതിനോടകം തന്നെ 94 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും 30 ആസിസ്റ്റുകളും ആണ് താരം നേടിയത്.

അതേസമയം 2004ല്‍ മെസി ബാഴ്സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. തന്റെ പതിനേഴാം വയസില്‍ സ്പാനിഷ് ക്ലബ്ബിനായി ആദ്യ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് മെസി നേടിയിരുന്നത്.

ബാഴ്‌സലോണക്കൊപ്പം രണ്ട് കിരീടങ്ങളും ലാമിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ രാജ്യാന്തര തലത്തില്‍ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഈ സീസണില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ കീഴില്‍ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 43 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും 21 അസിസ്റ്റുകളും ആണ് യമാല്‍ നേടിയിട്ടുള്ളത്.

Content Highlight: IPL 2025: Borja Jiménez Talking About Lamine Yamal