|

തോല്‍വിക്ക് പിന്നാലെ പന്തിന് തിരിച്ചടി; പണി കൊടുത്തത് താക്കൂര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തകര്‍പ്പന്‍ വിജയന്‍ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

ഡെത്ത് ഓവര്‍ ത്രില്ലറില്‍ ശിവം ദുബെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയും തമ്മിലുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് ചെന്നൈ വിജയിച്ചു കയറിയത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

തോല്‍വിക്ക് പുറമേ വമ്പന്‍ തിരിച്ചടിയാണ് ലഖ്‌നൗ ക്യാപ്റ്റന്‍ റിഷബ് പന്തിന് നേരിടേണ്ടി വന്നത്. സ്ലോ ഓവര്‍ റേറ്റിന്റെ പിടിയില്‍ 24 ലക്ഷം രൂപ പിഴയാണ് ക്യാപ്റ്റന് ലഭിച്ചത്. ഡെത്ത് ഓവറില്‍ ഷര്‍ദുല്‍ താക്കൂറിനെ കൊണ്ടുവന്നപ്പോള്‍ ആയിരുന്നു എല്‍.എസ്.ജി.ക്ക് സ്ലോ ഓവര്‍ റേറ്റ് നേരിടേണ്ടിവന്നത്. സീസണില്‍ ഇത് രണ്ടാം തവണയാണ് എല്‍.എസ്.ജി സ്ലോ ഓവര്‍ റേറ്റില്‍ കുരുങ്ങുന്നത്.

ലഖ്‌നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്‌പേയി എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു ലഖ്‌നൗവിന്റെ ആദ്യ സ്ലോ ഓവര്‍ റേറ്റ്. 12 ലക്ഷം രൂപയായിരുന്നു അന്ന് ക്യാപ്റ്റന്‍ പന്തിന് പിഴ ലഭിച്ചത്.

ചെന്നൈക്കെതിരെ നിര്‍ണായകമായ ഘട്ടത്തില്‍ എക്‌സ്‌പെന്‍സീവ് ഓവറാണ് താക്കൂര്‍ വഴങ്ങിയത്. ഇതോടെ യാഡ് സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രം നില്‍പ്പിക്കാനും എല്‍.എസ്.ജി നിര്‍ബന്ധിതരായി. നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 56 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 14.00 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ഇംപാക്ട് ആയി ഇറങ്ങിയ ശിവം 37 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് ആണ് നേടിയത്. ക്യാപ്റ്റന്‍ ധോണി 11 പന്തില്‍ ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടി മിന്നും പ്രകടനവും കാഴ്ചവെച്ചു. 236.36 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഓപ്പണര്‍ രചിന്‍ രവീന്ദ്ര 22 പന്തില്‍ 37 റണ്‍സ് നേടി ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്തിയാണ് പുറത്തായത്.

ഡെവോണ്‍ കോണ്‍വേയ്ക്ക് പകരക്കാരനായി ഇറങ്ങിയഓപ്പണര്‍ ഷായിക്ക് റഷീദ് 19 പന്തില്‍ 6 ഫോര്‍ ഉള്‍പ്പെടെ 27 റണ്‍സും നേടിയിരുന്നു. ലഖ്‌നൗവിനു വേണ്ടി ബൗളിങ്ങില്‍ രവി ബിഷ്ണോയ് രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ദിഗ് വേശ് സിങ്, എയ്ഡന്‍ മാര്‍ക്രം, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ലഖ്നൗവിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 49 പന്തില്‍ നിന്ന് നാല് സിക്സും ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. സീസണില്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി രേഖപ്പെടുത്താനും പന്തിന് സാധിച്ചു.

25 പന്തില്‍ രണ്ട് സിക്സും ഫോറും വീതം നേടി മിച്ചല്‍ മാര്‍ഷും സ്‌കോര്‍ ഉയര്‍ത്തി. മറ്റുള്ളവര്‍ക്ക് ബാറ്റില്‍ നിന്ന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

ബൗളിങ്ങില്‍ ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് നൂര്‍ അഹമ്മദാണ് വിക്കറ്റൊന്നും എടുക്കാന്‍ സാധിച്ചില്ലെങ്കിലും നാല് ഓവര്‍ എറിഞ്ഞ് വെറും 13 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 3.25 എന്ന മിന്നും എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

താരത്തിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് ഓവറില്‍ നിന്ന് 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും മതീശ പതിരാന രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Content Highlight: IPL 2025: BCCI to punish LSG captain Rishabh Pant for second time in IPL 2025 For Slow Over Rate