|

ക്രിക്കറ്റ് നിന്നെ കരയിപ്പിക്കും, ഒടുവില്‍ അടുത്ത സച്ചിന്‍ എന്ന് വിലയിരുത്തിയവന്റെ അവസ്ഥയാകും; ജെയ്‌സ്വാളിന് പാകിസ്ഥാനില്‍ നിന്ന് ഉപദേശം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ നാലാം വിജയവും സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഈ ജയത്തിന് പിന്നാലെ ടൈറ്റന്‍സ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

സൂപ്പര്‍ താരം സായ് സുദര്‍ശന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ടൈറ്റന്‍സ് പടുത്തുയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്തായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിലേ രാജസ്ഥാന്‍ റോയല്‍സിന് പിഴച്ചിരുന്നു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജെയ്‌സ്വാളിനെ രാജസ്ഥാന് നഷ്ടമായി. ഏഴ് പന്ത് നേരിട്ട് വെറും ആറ് റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

സീസണില്‍ തുടര്‍ പരാജയമാകുന്ന ജെയ്‌സ്വാളിന് ഉപദേശവുമായെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ജെയ്‌സ്വാള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ബാസിത് അലി, ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ പൃഥ്വി ഷായുടെ അവസ്ഥ വരുമെന്നും ഓര്‍മിപ്പിച്ചു.

‘ജെയ്‌സ്വാള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കുന്നേയില്ല. എനിക്ക് നിന്നോട് പറയാനുള്ളത് ഇത് മാത്രമാണ്: ഒരിക്കലും ഈ തെറ്റ് വരുത്തരുത്, ക്രിക്കറ്റിന് നിന്നെ ഒരുപാട് കരയിപ്പിക്കാന്‍ സാധിക്കും. പൃഥ്വി ഷായുടെ അവസ്ഥ നോക്കൂ.

ക്രിക്കറ്റിനെ സ്‌നേഹിക്കൂ, ക്രിക്കറ്റിനോടുള്ള നിന്റെ പാഷന്‍ തിരികെ കൊണ്ടുവരൂ, അതൊന്നും ഇപ്പോള്‍ കാണാന്‍ കൂടി സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സീസണില്‍ നീ വെറും വട്ടപ്പൂജ്യമായി മാറിയിരിക്കുകയാണ്,’ ബാസിത് അലി അഭിപ്രായപ്പെട്ടു.

ഒരുകാലത്ത് മികച്ച പ്രകടനങ്ങളുമായി ലൈംലൈറ്റില്‍ തിളങ്ങി നിന്ന പൃഥ്വി ഷായുടെ പേര് പോകെ പോകെ ആരാധകരുടെ മനസില്‍ നിന്ന് പോലും മായുകയായിരുന്നു. മോശം ആരോഗ്യരീതിയും അലസതയും കാരണം ഷാ സ്വന്തം കരിയര്‍ സ്വയം നശിപ്പിച്ചുവെന്ന് മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു.

ഈ സീസണില്‍ കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും 21.40 ശരാശരിയിലും 127.38 സ്‌ട്രൈക് റേറ്റിലും 107 റണ്‍സ് മാത്രമാണ് രാജസ്ഥാന്റെ സൂപ്പര്‍ താരത്തിന് നേടാന്‍ സാധിച്ചത്. ജനറേഷണല്‍ ടാലെന്റ് എന്ന് ആരാധകര്‍ വിശേഷിപ്പിച്ച ജെയ്‌സ്വാള്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് വിജയവുമായി നാല് പോയിന്റാണ് റോയല്‍സിനുള്ളത്.

ഏപ്രില്‍ 13നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. ഈ സീസണില്‍ ഇതാദ്യമായാണ് രാജസ്ഥാന്‍ ജയ്പൂരില്‍ മത്സരം കളിക്കുന്നത്.

Content Highlight: IPL 2025: Basit Ali advices Yashasvi Jaiswal