ഐ.പി.എല്ലില്‍ ഏപ്രില്‍ അഞ്ചിന് ചെന്നൈയിലെ എം. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹിയും ചെന്നൈയുമാണ് ഏറ്റുമുട്ടുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ മൂന്നാ വിജയം ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്.
നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടിയ ചെന്നൈ എട്ടാം സ്ഥാനത്താണ്. മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. ഇപ്പോള്‍ ദല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ചെന്നൈയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ പ്രശംസിച്ച് സംസാരിക്കുകയാണ്.
ധോണിയാണ് തന്റെ മെന്റര്‍ എന്നാണ് താരം പറഞ്ഞത്. 2024 ടി-20 ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലും നിര്‍ണായക പങ്ക് വഹിച്ച അക്‌സര്‍ പട്ടേല്‍ ധോണിയുടെ ഗൈഡന്‍സാണ് തനിക്കുണ്ടായ മാറ്റത്തിന് കാരണമെന്നും പറഞ്ഞു.
‘അദ്ദേഹം ഒരു മെന്ററെപേലെയാണ് വന്നത്, എന്റെ മനസിലുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ചു. അദ്ദേഹം എന്നോട് സംസാരിച്ചു, എന്നെ നയിച്ചു, ഇപ്പോള്‍ അതിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇന്ന് എനിക്കുണ്ടായ മാറ്റങ്ങള്‍ക്ക് കാരണം എം.എസ്. ധോണിയാണ്, അദ്ദേഹത്തിനാണ് ക്രെഡിറ്റ്,’ ഒരു വീഡിയോയില്‍ അക്‌സര്‍ പട്ടേല്‍ പറഞ്ഞു.
നിലവില്‍ സീസണിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് 22 റണ്‍സാണ് ഓള്‍ റൗണ്ടര്‍ നേടിയത്. ബൗളിങ്ങില്‍ 61 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും വീഴ്ത്താന്‍ താരത്തിന് സാധിച്ചിട്ടില്ല. 8.71 എക്കോണമിയാണ് താരത്തിനുള്ളത്.
സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ ഒരു വിക്കറ്റിന്റെ വിജയവും രണ്ടാം മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയവുമാണ് ദല്‍ഹി നേടിയത്. അക്‌സര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ദല്‍ഹി വിജയക്കുതിപ്പ് തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: IPL 2025: Axar Patel praises M.S Dhoni