ഐ.പി.എല്‍ 2025നായി ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. മെഗാലേലത്തിന് ശേഷം തീര്‍ത്തും വ്യത്യസ്തമായ തങ്ങളുടെ ‘പുതിയ’ ടീമിനായി ആര്‍പ്പുവിളിക്കാന്‍ ആരാധകര്‍ തയ്യാറായിരിക്കുകയാണ്.
ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ താരങ്ങളെ മാത്രമല്ല, മിക്ക ടീമുകളുടെ ക്യാപ്റ്റന്‍മാരെയും ഓക്ഷന്‍ പൂളില്‍ കണ്ടിരുന്നു.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ ചരിത്രത്തിലെ മൂന്നാം കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരും ദല്‍ഹി ക്യാപ്പിറ്റല്‍സ് കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്ന ക്യാപ്റ്റന്‍ റിഷബ് പന്തും ഇത്തവണ മറ്റ് ടീമുകള്‍ക്കൊപ്പമാണ് കളത്തിലിറങ്ങുക. ക്യാപ്റ്റനെയടക്കം ലേലത്തില്‍ വിട്ട് വെറും രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയ പഞ്ചാബ് കിങ്‌സിനെയും മറന്നുകൂടാ.
നിലവില്‍ ആറ് ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഋതുരാജ് ഗെയ്ക്വാദിനെയും മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെയും ഗുജറാത്ത് ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിനെയും വിടാതെ ചേര്‍ത്തുപിടിച്ചു.
കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം തുക ലഭിച്ച രണ്ടാമത് താരമായ പാറ്റ് കമ്മിന്‍സിനെ തുക കുറച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദും വിട്ടുകളഞ്ഞില്ല.
പഞ്ചാബ് കിങ്‌സാണ് പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റനെ പ്രഖ്യാപിച്ച ആദ്യ ടീം. സൂപ്പര്‍ താരം ശ്രേയസ് അയ്യരിനെയാണ് ടീം ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിച്ചത്. അയ്യരിനെ ടീമിലെത്തിച്ച നിമിഷം മുതല്‍ അയ്യര്‍ തന്നെയാകുമെന്ന് ആരാധകര്‍ക്ക് നൂറ് ശതമാനം ഉറപ്പായതിനാല്‍ ടീമിന്റെ പ്രഖ്യാപനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒന്നും തന്നെയുണ്ടായിരുന്നില്ല.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടമണിയിച്ച ക്യാപ്റ്റന്‍ എന്ന നിലയില്‍ ആരാധകര്‍ അയ്യരില്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. ഐ.പി.എല്‍ അതിന്റെ 18ാം സീസണിലേക്ക് കടക്കുമ്പോള്‍ പഞ്ചാബിന്റെ 17ാം നായകനായാണ് ശ്രേയസ് അയ്യര്‍ ചുമതലയേല്‍ക്കുന്നത്.
ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരാണ് ഇനി തങ്ങളുടെ ക്യാപ്റ്റനെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ളത്. എന്നാല്‍ ഇവരുടെ ക്യാപ്റ്റന്‍ ആരായിരിക്കും എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
ദല്‍ഹി ക്യാപ്പിറ്റല്‍സ് അക്‌സര്‍ പട്ടേലിനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എ.എന്‍.ഐ കറസ്പോണ്ടന്റ് വിപുല്‍ കശ്യപിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.
2019 മുതല്‍ അക്സര്‍ പട്ടേല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി താരം ചില മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ സീസണില്‍ അക്സര്‍ ടീമിന്റെ സ്ഥിരം നായകനാകാനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്.
ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താര ലേലത്തില്‍ ക്യാപ്പിറ്റല്‍സ് കെ.എല്‍. രാഹുലിനെ സ്വന്തമാക്കിയിരുന്നു. പഞ്ചാബ് കിങ്സിനെയും ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയും നയിച്ച രാഹുല്‍ തന്നെ ക്യാപ്പിറ്റല്‍സിനെ പുതിയ സീസണില്‍ നയിക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ രാഹുലിനെ മറികടന്ന് അക്സറിനെ ക്യാപ്റ്റനാക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കാര്യത്തില്‍ സംശയങ്ങള്‍ തുടരുകയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി നല്‍കി ടീമിലെത്തിച്ച റിഷബ് പന്തിനെയാണോ അതോ ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ പരിചയസമ്പന്നനായ നിക്കോളാസ് പൂരനെയാണോ അതോ മറ്റാരെയെങ്കിലും ടീം പരിഗണിക്കുക എന്നാണ് ആധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: IPL 2025: All confirmed captains