തന്റെ പഴയ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു ലേലത്തില്‍ തന്നെ സ്വന്തമാക്കാത്തതില്‍ യൂസ്വേന്ദ്ര ചഹല്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആകാശ് ചോപ്ര.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പക്കല്‍ ഒരു മികച്ച സ്പിന്‍ ബൗളര്‍ ഇല്ല എന്നും ഒരുപക്ഷേ ചഹല്‍ ആര്‍.സി.ബിയിലെത്തിയിരുന്നെങ്കില്‍ കൂട്ടാളിയില്ലാതെ വിഷമിക്കുമായിരുന്നു എന്നും ചോപ്ര പറഞ്ഞു.
‘ഒരിക്കല്‍ക്കൂടി അവരുടെ ടീമില്‍ മികച്ച സ്പിന്നര്‍മാര്‍ ഇല്ല. ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ചഹലിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചു. അവര്‍ അശ്വിനായി ശ്രമിച്ചതേ ഇല്ല. ഇത് തീര്‍ത്തും വിചിത്രമാണ്.
ടീമില്‍ ഒപ്പം പന്തെറിയാന്‍ മറ്റൊരു പ്രോപ്പര്‍ സ്പിന്നര്‍ ഇല്ല എന്നതിനാല്‍ താന്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ തിരിച്ചെത്തിയില്ല എന്നതില്‍ ചഹല്‍ ഏറെ സന്തോഷവാനായിരിക്കും,’ ചോപ്ര പറഞ്ഞു.
18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് ചഹലിനെ ടീമിലെത്തിച്ചത്. ഈ ബിഡ്ഡിങ്ങിലൂടെ ഡബിള്‍ റെക്കോഡ് സ്വന്തമാക്കാനും ചഹലിന് സാധിച്ചു. ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവുധികം തുക സ്വന്തമാക്കുന്ന സ്പിന്നര്‍ എന്ന നേട്ടവും ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടവുമാണ് ചഹല്‍ സ്വന്തമാക്കിയത്.
അതേസമയം, താരലേലത്തില്‍ ആര്‍.സി.ബിയുടെ സ്ട്രാറ്റജിയെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.
മുഹമ്മദ് സിറാജിനെയും ഗ്ലെന്‍ മാക്‌സ് വെല്ലിനെയും വിട്ടുകളഞ്ഞതില്‍ ആരാധകര്‍ പോലും ആര്‍.സി.ബിക്കെതിരെ രംഗത്തെത്തിയിരുന്നു. ആര്‍.ടി.എം ഓപ്ഷന്‍ ഉണ്ടായിരുന്നിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ഇവരെ തിരിച്ചെത്തിക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. മാക്‌സ്‌വെല്‍ ചഹലിനൊപ്പം പഞ്ചാബ് കിങ്‌സിന്റെ ഭാഗമായപ്പോള്‍ 12.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് സിറാജിനെ സ്വന്തമാക്കിയത്.