ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എല്‍ പുതിയ സീസണ്‍ തുടങ്ങാന്‍ ബാക്കിയുള്ളത് ഇനി ഒരു നാള്‍ മാത്രം. ഫ്രാഞ്ചൈസികളും താരങ്ങളും പതിനെട്ടാം പതിപ്പിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഈ സീസണില്‍ അഞ്ച് ടീമുകള്‍ പുതിയ ക്യാപ്റ്റന്‍മാരുടെ കീഴിലാണെത്തുന്നതെന്ന പുതുമയുമുണ്ട്.
ദല്‍ഹി ക്യാപ്റ്റില്‍സും ഈ വര്‍ഷം പുതിയ ക്യാപ്റ്റന് കീഴിലാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിനെയാണ് ക്യാപ്റ്റനായി നിയമിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് അക്‌സറിന് നറുക്ക് വീണത്.
ഇപ്പോള്‍, അക്സര്‍ പട്ടേല്‍ ദല്‍ഹി ക്യാപിറ്റല്‍സ് നായകനായതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മുമ്പ് ഇന്ത്യയുടെ ടി20യില്‍ വൈസ് ക്യാപ്റ്റനായിരുന്നെങ്കിലും ദല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാനാവുന്നത് അക്‌സറിന് വലിയ അവസരമാണെന്ന് ചോപ്ര പറഞ്ഞു. അക്സര്‍ കഴിവുള്ള ക്യാപ്റ്റനാണെന്നും ദല്‍ഹിയെ ശരിയായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിലാണ് മുന്‍ താരം അഭിപ്രായം പറഞ്ഞത്.
‘ആദ്യ അവസരം അക്സര്‍ പട്ടേലിനാണ്. പരീക്ഷിക്കപ്പെടാത്ത ക്യാപ്റ്റനാണെങ്കിലും കഴിവുള്ള ക്യാപ്റ്റനാണവന്‍. മികച്ച പ്രകടനത്തിലൂടെ ടീമിന് മുതല്‍ കൂട്ടാണവന്‍. അക്സര്‍ വളരെ ശാന്തനായൊരു വ്യക്തിയാണ്. ടീമിനെ ശരിയായി മുന്നോട്ട് കൊണ്ടുപോകാന്‍ അവന് കഴിയും. അവന്‍ ആഭ്യന്തര പരിചയസമ്പത്തുമായാണ് വരുന്നത്.
എന്നിരുന്നാലും, അക്സര്‍ ഒരു ഐ.പി.എല്‍ ടീമിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കാണേണ്ടതാണ്. ടി 20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായും അവനെ നിയമിച്ചിട്ടുണ്ട്. അതിനാല്‍ ഇത് ഒരു വലിയ, വലിയ, വലിയ അവസരമാണ്,’ ചോപ്ര പറഞ്ഞു.
2025 മെഗാ താരലേലത്തിന്റെ മുന്നോടിയായി 16.50 കോടി രൂപക്ക് അക്സറിനെ ദല്‍ഹി നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനായി താരം 235 റണ്‍സെടുത്തിട്ടുണ്ട്. 7.66 എക്കോണമിയില്‍ 11 വിക്കറ്റും സ്പിന്‍ ഓള്‍റൗണ്ടര്‍ സ്വന്തമാക്കിയിരുന്നു.
മാര്‍ച്ച് 22നാണ് ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തോടെയാണ് പുതിയ സീസണിന് തുടക്കമാവുക.
കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി.
അതേസമയം, മാര്‍ച്ച് 24ന് ലഖ്നൗ സൂപ്പര്‍ ജയന്‍സുമായുള്ള മത്സരത്തോടെയാണ് ദല്‍ഹിയുടെ മത്സരങ്ങള്‍ തുടങ്ങുന്നത്. മാര്‍ച്ച് 30ന് സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ് ഡി.സിക്ക് ഈ മാസം ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മറ്റൊരു മത്സരം.
Content Highlight: IPL 2025: Aakash Chopra Talks About Delhi Capitals New Captain Axar Patel