മാര്‍ച്ച് 22നാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് ഐ.പി.എല്‍ 2024ന് തുടക്കമാകുന്നത്.
ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ വര്‍ഷത്തെ ഓറഞ്ച് ക്യാപ് ജേതാവിനെയും പര്‍പ്പിള്‍ ക്യാപ് ജേതാവിനെയും പ്രവചിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടുമായ യൂസ്വേന്ദ്ര ചഹല്‍.
ഇ സ്‌പോര്‍ട്‌സ് സ്ട്രീമര്‍ ഗുല്‍റെസ് ഖാനൊപ്പമുള്ള വീഡിയോയിലാണ് ചഹല്‍ ഇത്തവണത്തെ റണ്‍ വേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിക്കുന്നത്.
സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ യശസ്വി ജെയ്‌സ്വാളോ ജോസ് ബട്‌ലറോ നേടുമെന്നാണ് ചഹല്‍ പ്രവചിക്കുന്നത്. വിക്കറ്റ് വേട്ടയില്‍ താന്‍ തന്നെ മുന്നിട്ട് നില്‍ക്കുമെന്നും ചഹല്‍ പറയുന്നു.
കഴിഞ്ഞ സീസണില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് യശസ്വി ജെയ്‌സ്വാളിനുണ്ടായിരുന്നത്. 14 മത്സരത്തില്‍ നിന്നും 48.07 എന്ന മികച്ച ശരാശരിയിലും 163.61 എന്ന സ്‌ട്രൈക്ക് റേറ്റിലും 625 റണ്‍സാണ് താരം നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമടക്കമാണ് താരം ഐ.പി.എല്‍ 2023ല്‍ സ്‌കോര്‍ ചെയ്തത്.
14 മത്സരത്തില്‍ നിന്നും 28 ശരാശരിയിലും 139 സ്‌ട്രൈക്ക് റേറ്റിലും 392 റണ്‍സോടെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ 18ാം സ്ഥാനത്താണ് ജോസ് ബട്‌ലര്‍ ഫിനിഷ് ചെയ്തത്. നാല് അര്‍ധ സെഞ്ച്വറിയാണ് കഴിഞ്ഞ സീസണില്‍ ബട്‌ലറിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 2022ല്‍ ജോസ് ബട്‌ലര്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ചഹലാണ് അന്ന് പര്‍പ്പിള്‍ ക്യാപ് തന്റെ പേരിലാക്കിയത്.
ഐ.പി.എല്‍ 2023ല്‍ പന്തുകൊണ്ട് മായാജാലം കാണിച്ച ചഹല്‍ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് രാജസ്ഥാന്‍ ലെഗ്ഗി ചരിത്രമെഴുതിയത്. ചെന്നൈ സൂപ്പര്‍ കിങ്സ് ഇതിഹാസം ഡ്വെയ്ന്‍ ബ്രോവോയെ മറികടന്നാണ് ചഹല്‍ റെക്കോഡിട്ടത്.
കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്നും 21 വിക്കറ്റാണ് ചഹലിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 20.57 എന്ന ശരാശരിയിലും 15.09 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് ചഹല്‍ പന്തെറിഞ്ഞത്.
ഇതിന് പിന്നാലെയാണ് ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന നേട്ടത്തിലേക്ക് ചഹലെത്തിയത്. 2013ല്‍ ആരംഭിച്ച് ഐ.പി.എല്‍ കരിയറില്‍ നിന്നും 187 വിക്കറ്റാണ് രാജസ്ഥാന്‍ ഏയ്സ് സ്വന്തമാക്കിയത്. 144 ഇന്നിങ്സില്‍ നിന്നും ചഹല്‍ 187 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. 158 ഇന്നിങ്സില്‍ നിന്നും 183 വിക്കറ്റാണ് രണ്ടാമതുള്ള ബ്രാവോക്കുള്ളത്.
Content highlight: IPL 2024: Yuzvendra Chahal predicts Purple cap and Orange cap winners