| Tuesday, 28th May 2024, 7:54 pm

വിന്‍ഡീസ് മറന്ന അവരുടെ വിജയനായകനാണ് ഐ.പി.എല്ലിലെ വിലയേറിയ പുരസ്‌കാരം നേടിയത് എന്നത് അവര്‍ക്കിപ്പോഴും നിഗൂഢതയായി തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു സ്പിന്നര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണമേന്മ എന്താണ്?

ടേണ്‍, സ്പിന്‍, വെറൈറ്റി അങ്ങനെ പറയുവാനും സമര്‍ഥിക്കുവാനും അനേകം കാരണങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ സുനില്‍ നരെയ്‌നെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ഹാര്‍ഡ് ടു പിക് ബോളുകളാണ്.

പലപ്പോഴും ഒരു മാജിക്കുകാരന്റെ മുന്‍പില്‍ പെട്ട ഒരാളെ പോലെ ബാറ്റര്‍മാര്‍ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നു. ഈ ഒരു സന്ദര്‍ഭത്തെ അതിജീവിക്കുന്നവര്‍ വളരെ കുറവ്. അതാണ് സുനില്‍ നരെയ്‌ന്റെ വിജയവും.

ഒരിക്കല്‍ കരീബിയന്‍ പ്രീമിയല്‍ ലീഗിലെ (സി.പി.എല്‍) ഒരു മത്സരത്തില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ റെഡ് സ്റ്റീലിനെതിരെ പന്തെറിയാന്‍ നരെയ്‌നെത്തുന്നു, അതും വളരെ നിര്‍ണായകമായ സൂപ്പര്‍ ഓവറില്‍.

ഓവറിലെ ആദ്യ നാലും ഡോട്ട് ബോളുകള്‍. സമ്മര്‍ദം താങ്ങാതെ കൂറ്റനടിക്ക് ശ്രമിച്ച നിക്കോളാസ് പൂരന് അഞ്ചാം പന്തില്‍ പുറത്ത്. പിന്നീട് വന്ന റോസ് ടെയ്‌ലര്‍ക്ക് ഒരു റണ്‍ പോലും നേടാനും സാധിച്ചിട്ടില്ല.

സുനില്‍ നരെയ്‌ന്റെ ബൗളിങ് പോലെ നിഗൂഢത നിറഞ്ഞതാണ് സുനില്‍ നരെയ്‌ന്റെ പ്രകടനങ്ങളും. അത് തന്നെയാണ് ലോകമെമ്പാടുമുള്ള ടി-20 ലീഗുകളില്‍ അദ്ദേഹം നേടിയ വിജയങ്ങളുടെ രഹസ്യവും.

 അന്താരാഷ്ട്ര കരിയറിന് ശേഷവും തന്റെ ബൗളിങ് നിഗൂഢത ചുരുളഴിയാതെ നിര്‍ത്തി എന്നതും അദ്ദേഹത്തിന്റെ ലീഗുകളിലെ മികവ് കൂട്ടുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേസിന്റെ മൂന്ന് കിരീടങ്ങളും പങ്കുചേര്‍ന്ന സുനില്‍ നരെയ്ന്‍, ഈ വര്‍ഷത്തെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരവും സ്വന്തമാക്കി. 17 വിക്കറ്റുകളും 488 റണ്‍സുമായിരുന്നു സീസണില്‍ താരത്തിന്റെ സമ്പാദ്യം.

വെസ്റ്റ് ഇന്‍ഡീസുകാര്‍ മറന്നുപോയ അവരുടെ വിജയനായകനാണ് ഐ.പി.എല്ലിലെ വിലയേറിയ അവാര്‍ഡ് ഈ സീസണില്‍ സ്വന്തമാക്കിയത് എന്നത് അവര്‍ക്ക് ഇപ്പോഴും നിഗൂഢതയായി തന്നെ അവശേഷിക്കുന്നു.

വിമല്‍ താഴെത്തുവീട്ടില്‍

Content Highlight: IPL 2024: Writeup about Sunil Narine’s performance

We use cookies to give you the best possible experience. Learn more