ഐ.പി.എല്‍ 2024 എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ കളിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ആദ്യ ഏഴ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ച ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. നാല് പോയിന്റോടെയാണ് ‘ധോണിപ്പട’ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് മത്സരത്തില്‍ നിന്നും 98 റണ്‍സ് നേടിയാണ് വിരാട് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സാം കറന്‍, ശിവം ദുബെ, രചിന്‍ രവീന്ദ്ര, സഞ്ജു സാംസണ്‍ എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് താരങ്ങള്‍.
സീസണില്‍ ഇതുവരെ ഒമ്പത് താരങ്ങളാണ് അര്‍ധ സെഞ്ച്വറി നേടിയത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ നേടിയ 82* ആണ് ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍.
സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഒരാള്‍ക്ക് പോലും സെഞ്ച്വറി നേട്ടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ ആരാകും ആദ്യ സെഞ്ച്വറി നേടുന്നത് എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
ഐ.പി.എല്ലിന്റെ ആദ്യ സീസണായ 2008ലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേട്ടം പിറന്നിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കെല്ലമാണ് സെഞ്ച്വറി നേടിയത്.
ഏറ്റവുമധികം തവണ ഒരു സീസണിലെ ആദ്യ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ മാത്രമാണ്. 2017ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം കളിക്കവെ ഈ നേട്ടം സ്വന്തമാക്കിയ സഞ്ജു 2019ലും 2021ലും രാജസ്ഥാനൊപ്പവും സീസണിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കി.
ബ്രണ്ടന്‍ മക്കെല്ലം രണ്ട് തവണ സീസണിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2008ല്‍ കൊല്‍ക്കത്തക്കൊപ്പവും 2015ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവുമാണ് മക്കെല്ലത്തിന്റെ സെഞ്ച്വറി നേട്ടം.
2023ല്‍ സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം ഹാരി ബ്രൂക്കാണ് കഴിഞ്ഞ സീസണിലെ ആദ്യ സെഞ്ച്വറി നേടിയത്. ഈ സെഞ്ച്വറി പിറന്നതാകട്ടെ 19ാം മത്സരത്തിലും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 55 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് താരം നേടിയത്.
ഓരോ സീസണിലും ആദ്യ സെഞ്ച്വറി നേടിയ താരങ്ങള്‍
(വര്‍ഷം – താരം – ടീം എന്നീ ക്രമത്തില്‍)
2008 – ബ്രണ്ടന്‍ മക്കെല്ലം – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2009 – എ.ബി. ഡി വില്ലിയേഴ്‌സ് – ദല്‍ഹി ഡെയര്‍ഡെവിള്‍സ്
2010 – യൂസുഫ് പത്താന്‍ – രാജസ്ഥാന്‍ റോയല്‍സ്
2011 – പോള്‍ വാല്‍ത്താട്ടി – കിങ്‌സ് ഇലവന്‍ പഞ്ചാബ്
2012 – അജിന്‍ക്യ രഹാനെ – രാജസ്ഥാന്‍ റോയല്‍സ്
2013 – ഷെയ്ന്‍ വാട്‌സണ്‍ – രാജസ്ഥാന്‍ റോയല്‍സ്
2014 – ലെന്‍ഡില്‍ സിമ്മണ്‍സ് – മുംബൈ ഇന്ത്യന്‍സ്
2015 – ബ്രണ്ടന്‍ മക്കെല്ലം – ചെന്നൈ സൂപ്പര്‍ കിങ്‌സ്
2016 – ക്വിന്റണ്‍ ഡി കോക്ക് – ദല്‍ഹി ഡെയര്‍ഡെവിള്‍സ്
2017 – സഞ്ജു സാംസണ്‍ – ദല്‍ഹി ഡെയര്‍ഡെവിള്‍സ്
2018 – ക്രിസ് ഗെയ്ല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ്
2019 – സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ്
2020 – കെ.എല്‍. രാഹുല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ്
2021 – സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ്
2022 – ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ്
2023 – ഹാരി ബ്രൂക്ക് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
2024 – ?
Content highlight: IPL 2024: Who will score 1st century of the season?