| Sunday, 19th May 2024, 10:40 pm

അങ്ങനെ സംഭവിച്ചാല്‍ സൂപ്പര്‍ കിങ്‌സിന് ആരാധകരില്ലാതെ വരും; ചെന്നൈയുടെ ആരാധക പ്രീതി കുറയുന്നതിനെ കുറിച്ച് സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ പ്ലേ ഓഫ് കാണാതെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടീം പുറത്തായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി, വിരാട് കോഹ്‌ലി, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ മികച്ച ഇന്നിങ്സുകളാണ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മത്സത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും 201 റണ്‍സ് നേടിയാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ചെന്നൈ 191ന് ഏഴ് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

ഈ സീസണില്‍ ചെന്നൈക്ക് ആറാം കിരീടം നേടിക്കൊടുത്ത് ധോണി പടിയിറങ്ങുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതോടെ ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.

ഈ വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗും തന്റെ അഭിപ്രായം പങ്കുവെക്കുകയാണ്. ക്രിക്ബസ്സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വീരു ധോണിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിച്ചത്.

‘കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മള്‍ എം.എസ്. ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഓരോ തവണയും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം കളത്തിലിറങ്ങുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് 42 വയസായി. ഒരു വര്‍ഷം കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. അടുത്ത വര്‍ഷം അദ്ദേഹത്തിന് 43 വയസാകും. ഈ പ്രായത്തില്‍ വിരലിലെ ചെറിയ വേദന പോലും മുഖത്ത് പ്രതിഫലിച്ച് കാണാന്‍ സാധിക്കും,’ സേവാഗ് പറഞ്ഞു.

ധോണിയുടെ വിരമിക്കലിന് പിന്നാലെ ആരാധകര്‍ക്കിടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടുള്ള പ്രീതി കുറയുമെന്നും മറ്റ് സ്റ്റേഡിയങ്ങളില്‍ കൂട്ടമായി എത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിലവില്‍ മികച്ച ആരാധക പിന്തുണയുണ്ട്. ഇതിന് കാരണം എം.എസ്. ധോണി തന്നെയാണ്. ബെംഗളൂരുവില്‍ പോലും മഞ്ഞ ജേഴ്‌സിയണിഞ്ഞ നിരവധി ആരാധകരെ കാണാന്‍ നമുക്ക് സാധിച്ചു.

പക്ഷേ ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിച്ചാല്‍ ഇത് തുടരുമെന്ന് എനിക്ക് തോന്നുന്നില്ല. ആരാധകക്കൂട്ടം പിരിയും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിന്തുണയ്ക്കുന്നതിനായി ആരാധകര്‍ രാജ്യത്തിന്റെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യുന്നത് കാണാന്‍ സാധിക്കില്ല,’ വീരു കൂട്ടിച്ചേര്‍ത്തു.

Content Highlight: IPL 2024: Virender Sehwag about MS Dhoni and CSK fans

We use cookies to give you the best possible experience. Learn more