ഐ.പി.എല്‍ 2024ല്‍ എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫില്‍ പ്രവേശിച്ചത്. മെയ് മൂന്നിന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരയി നിന്ന ടീം 15 ദിവസങ്ങള്‍ക്കിപ്പുറം ഋതുരാജിന്റെ സാക്ഷാല്‍ ധോണിപ്പടയെ അട്ടിമറിച്ചാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചുകയറിയത്. ഫാഫും സംഘവും ഉയര്‍ത്തിയ 219 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
റോയല്‍ ചലഞ്ചേഴ്സ് 218 റണ്‍സ് നേടിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിനെ സംബന്ധിച്ച് അവരുടെ വിജയലക്ഷ്യം 201 റണ്‍സായിരുന്നു. മത്സരത്തില്‍ വിജയത്തേക്കാളുപരി 201 റണ്‍സെന്ന മാര്‍ക് പിന്നിടാനായിരുന്നു ഓരോ പന്തിലും ചെന്നൈ ശ്രമിച്ചുകൊണ്ടിരുന്നത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 18+ റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കാന്‍ അനുവദിക്കാതിരുന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ചെന്നൈക്ക് വിജയത്തേക്കാള്‍ പ്രധാന്യം 201 റണ്‍സെന്ന ലക്ഷ്യമായിരുന്നു. പക്ഷേ യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ ആര്‍.സി.ബി കളി പിടിച്ചു.
18 ഓവര്‍ അവസാനിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 166ന് ആറ് എന്ന നിലയിലായിരുന്നു. എന്നാല്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19ാം ഓവറില്‍ 18 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്. ക്രീസിലാകട്ടെ റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന എം.എസ്. ധോണിയും രവീന്ദ്ര ജഡേജയും.
അവസാന ഓവര്‍ എറിയാനെത്തിയ യാഷ് ദയാലിനെ ആദ്യ പന്തില്‍ തന്നെ ധോണി 110 മീറ്റര്‍ സിക്‌സറിന് പറത്തി. ആ സിക്‌സറോടെ ചെന്നൈയുടെ പരാജയവും ആരംഭിച്ചു. അടുത്ത അഞ്ച് പന്തില്‍ നിന്നും 11 റണ്‍സെന്ന നിലയിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ‘വിജയലക്ഷ്യം’ മാറി.
എന്നാല്‍ തൊട്ടടുത്ത പന്തില്‍ ധോണിയെ പുറത്താക്കിയ ദയാല്‍, റോയല്‍ ചലഞ്ചേഴ്‌സിന് പ്ലേ ഓഫും സമ്മാനിച്ചു.
ഈ വിജയത്തിന് ശേഷം ആര്‍.സി.ബി ഡ്രസിങ് ഒന്നടങ്കം ആവേശത്തിലായിരുന്നു. ഈ ആവേശങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ലെജന്‍ഡും ഹോള്‍ ഓഫ് ഫെയ്മറുമായ ക്രിസ് ഗെയ്‌ലുമെത്തിയിരുന്നു. ഏറെ ആവേശത്തോടെയാണ് വിരാട് അടക്കമുള്ള താരങ്ങള്‍ ഗെയ്‌ലിനെ വരവേറ്റത്.
ഇതിനിടെ ഗെയ്‌ലിനെ ഒരിക്കല്‍ക്കൂടി റോയല്‍ ചലഞ്ചേഴ്‌സിനായി കളിക്കാനും വിരാട് ക്ഷണിച്ചിരുന്നു. ഇംപാക്ട് പ്ലെയര്‍ നിയമം നിലവിലുണ്ടെന്നും അടുത്ത സീസണില്‍ ടീമിനൊപ്പം കളിക്കാന്‍ വരൂ എന്നുമാണ് വിരാട് തമാശരൂപേണ പറഞ്ഞത്.
‘കാകാ, അടുത്ത വര്‍ഷം കളിക്കാന്‍ വരൂ. ഇംപാക്ട് പ്ലെയര്‍ നിയമം ഇപ്പോള്‍ നിലവിലുണ്ട്, ഇതിനാല്‍ തന്നെ താങ്കള്‍ക്ക് ഫീല്‍ഡ് ചെയ്യേണ്ടി വരില്ല ഇത് നിങ്ങള്‍ക്കായി ഉണ്ടാക്കിയ നിയമമാണ്,’ വിരാട് തമാശ രൂപേണ പറഞ്ഞു.
അതേസമയം, മെയ് 22നാണ് റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് മത്സത്തിനിറങ്ങുക. പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍
മെയ് 21, ക്വാളിഫയര്‍ 1 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
മെയ് 22, എലിമിനേറ്റര്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs രാജസ്ഥാന്‍ റോയല്‍സ്
മെയ്24, ക്വാളിഫയര്‍ 2 – ക്വാളിഫയര്‍ 1ലെ പരാജിതര്‍ vs എലിമിനേറ്ററിലെ വിജയികള്‍
മെയ് 26, ഫൈനല്‍ – ക്വാളിഫയര്‍ 1ലെ വിജയികള്‍ vs ക്വാളിഫയര്‍ 2ലെ വിജയികള്‍.
Content highlight: IPL 2024: Virat Kohli asks Chris Gayle to be a part of RCB once again