| Thursday, 9th May 2024, 5:16 pm

സണ്‍റൈസേഴ്‌സിലെ വെടിക്കെട്ട്; എങ്ങനെ കളിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ടീം നല്‍കിയ നിര്‍ദേശം വ്യക്തമാക്കി ട്രാവിസ് ഹെഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ഹോം ടീമായ ഓറഞ്ച് ആര്‍മി വിജയിച്ചുകയറിയിരുന്നു. പത്ത് വിക്കറ്റിനായിരുന്നു കമ്മിന്‍സിന്റെ പടയാളികളുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ടീം നേടിയത്. ആയുഷ് ബദോനിയുടെ അര്‍ധ സെഞ്ച്വറിയുടെയും നിക്കോളാസ് പൂരന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് സൂപ്പര്‍ ജയന്റ്‌സിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ബദോനി 30 പന്തില്‍ പുറത്താകാതെ 55 റണ്‍സ് നേടിയപ്പോള്‍ 26 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് പൂരന്‍ സ്വന്തമാക്കിയത്. 33 പന്തില്‍ 29 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ടീമിലെ അടുത്ത മികച്ച റണ്‍ ഗെറ്റര്‍.

166 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ വെറും 58 പന്തില്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും വെടിക്കെട്ടാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.

ഹെഡ് 30 പന്തില്‍ പുറത്താകാതെ 89 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ പുറത്താകാതെ 75 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്.

ട്രാവിസ് ഹെഡിനെയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത്.

മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തില്‍ ഓസ്‌ട്രേലിയന്‍ ടീം തനിക്ക് നല്‍കിയ നിര്‍ദേശത്തെ കുറിച്ച് വ്യക്തമാക്കുകയാണ് ഹെഡ്.

‘ഇന്ന് വളരെ മികച്ച ഒരു ദിവസമായിരുന്നു. പത്ത് ഓവറിനുള്ളില്‍ തന്നെ കളി തീര്‍ക്കാന്‍ സാധിച്ചത് വളരെ മികച്ച കാര്യമാണ്. ഇതാദ്യമായല്ല ഞാനും അഭിയും (അഭിഷേക് ശര്‍മ) ചേര്‍ന്ന് ഇത്തരത്തിലുള്ള കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്.

മികച്ച രീതിയില്‍ പൊസിഷന്‍ ചെയ്യുക, പന്തില്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കുക, പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ശ്രമിക്കുക, ഇതൊക്കെയാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. ഇത്തരത്തില്‍ കളിക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. കരീബിയന്‍ മണ്ണിലും ഇത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരത്തില്‍ ബാറ്റ് ചെയ്യാനാണ് ഓസ്‌ട്രേലിയന്‍ ടീം എന്നോട് ആവശ്യപ്പെട്ടിരുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഇതേ രീതി തന്നെയായിരുന്നു ആവശ്യം,’ ഹെഡ് പറഞ്ഞു.

ഐ.പി.എല്ലിന് തൊട്ടുപിന്നാലെ നടക്കുന്ന ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണറാണ് ഹെഡ്.

അതേസമയം, ലഖ്‌നൗവിനെതിരായ മത്സരത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും സണ്‍റൈസേഴ്‌സിനായി. 12 മത്സരത്തില്‍ നിന്നും 14 പോയിന്റാണ് ടീമിനുള്ളത്.

മെയ് 16നാണ് സണ്‍റൈസേഴ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

Content Highlight: IPL 2024: Travis Head about Australian team’s instruction

We use cookies to give you the best possible experience. Learn more