ഹസരങ്കയുടെ പകരക്കാരനെ 'മുംബൈ ഇന്ത്യന്‍സില്‍' നിന്നും പൊക്കി സണ്‍റൈസേഴ്‌സ്; ഓറഞ്ച് ആര്‍മിയുടെ പുതിയ ഭടന്‍
IPL
ഹസരങ്കയുടെ പകരക്കാരനെ 'മുംബൈ ഇന്ത്യന്‍സില്‍' നിന്നും പൊക്കി സണ്‍റൈസേഴ്‌സ്; ഓറഞ്ച് ആര്‍മിയുടെ പുതിയ ഭടന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th April 2024, 6:41 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ തങ്ങളുടെ അഞ്ചാം മത്സരത്തിന് മുന്നോടിയായി പരിക്കേറ്റ് പുറത്തായ ശ്രീലങ്കന്‍ സൂപ്പര്‍ താരം വാനിന്ദു ഹസരങ്കയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ശ്രീലങ്കന്‍ യുവതാരം വിജയ്കാന്ത് വിയാസ്‌കാന്തിനെയാണ് സണ്‍റൈസേഴ്‌സ് തങ്ങളുടെ പടകുടീരത്തിലെത്തിടച്ചിരിക്കുന്നത്.

50 ലക്ഷം രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഈ 22കാരനെ സ്വന്തമാക്കിയിരിക്കുന്നത്.

ലങ്കക്കായി ഒരു ടി-20യിലാണ് താരം കളിച്ചത്. ഹാങ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് നേടിയ താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ ഐ.എല്‍.ടി-20 കൗണ്ടര്‍പാര്‍ട്ടായ എം.ഐ എമിറേറ്റ്‌സിന്റെ സൂപ്പര്‍ താരമാണ് വിജയ്കാന്ത് വിയാസ്‌കാന്ത്. ഇത്തവണ ദുബായ് ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി എമിറേറ്റ്‌സ് കപ്പുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.

 

ഫൈനലില്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി സിക്കന്ദര്‍ റാസയുടേതടക്കം രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

സീസണില്‍ എം.ഐക്കായി നാല് മത്സരം കളിച്ച താരം എട്ട് വിക്കറ്റും നേടിയിട്ടുണ്ട്.

ഐ.എല്‍.ടി-20ക്ക് പുറമെ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ജാഫ്‌ന കിങ്‌സിനായും ബംഗ്ലാദേശ് പ്രീമിയര്‍ ലാഗില്‍ ചാറ്റോഗ്രാം ചലഞ്ചേഴ്‌സിന് വേണ്ടിയും വിജയ്കാന്ത് കളത്തിലിറങ്ങിയിട്ടുണ്ട്.

 

കരിയറില്‍ പന്തെറിഞ്ഞ 33 ടി-20 മത്സരങ്ങളില്‍ നിന്നും 42 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. 18.78 എന്ന ശരാശരിയിലും 6.76 എന്ന മികച്ച എക്കോണമിയിലും പന്തെറിയുന്ന താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍ 3/14 ആണ്. 16.6 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

അതേസമയം, നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. നാല് പോയിന്റാണ് ടീമിനുള്ളത്. നാല് പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്.

 

Content Highlight: IPL 2024: Sunrisers Hyderabad announces Vijaykanth Viyaskanth as Wanindu Hasaranga’s replacement